ആലക്കോട്: മലയോര ഹൈവേയിൽ ആലക്കോട് -നടുവിൽ റൂട്ടിൽ വായാട്ടുപറമ്പിനടുത്തുള്ള താഴത്തങ്ങാടി വളവ് വാഹനയാത്രക്കാർക്കും പ്രദേശവാസികൾക്കും പേടിസ്വപ്നമായി മാറുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചെറുതും വലുതുമായ പത്തിലധികം വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
ബൈക്കുകൾ മുതൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി വരെ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിക്കേഡ് തകർത്ത് ഇരുപതടി താഴ്ച്ചയിലേയ്ക്ക് വീണിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് വാഹനാപകടങ്ങൾക്കിടയാക്കുന്നതെന്ന പരാതി വ്യാപകമായി ഉയർന്നിട്ടും ഇവിടെ അപകടം കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല.
വായാട്ടുപറമ്പിൽ നിന്നുമുള്ള കുത്തനെയുള്ള ഇറക്കത്തിൽവരുന്ന കൊടുംവളവിൽ എതിരെ വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുക. കൂടാതെ മറ്റൊരു റോഡും ഈ വളവിൽ വന്നുചേരുന്നുണ്ട്. മുൻ പരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപെടുന്നത്. വാഹനങ്ങളുടെ അമിത വേഗതയും അപകടം വരുത്തുന്നതിന് കാരണമാകുന്നു. പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് ഇവിടം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.