കണ്ണൂർ: പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ മുൻ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ നൂറുശതമാനവും മന്ത്രിയായിരിക്കുമെന്നത് കേരളം ഒന്നാകെ പ്രതീക്ഷിച്ച കാര്യമാണ്. ഒടുവിൽ മന്ത്രിമാരുടെ പട്ടിക സി.പി.എം പുറത്തുവിട്ടപ്പോൾ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരെ ശൈലജയുടെ പേര് വെട്ടിമാറ്റിയതിൽ അത്ഭുതപ്പെടുത്തിയിരുന്നു. 2020 ജനുവരി 30ന് കെ.കെ. ശൈലജ തൃശൂരിൽ നടത്തിയ പത്രസമ്മേളനമാണ് ആരോഗ്യമന്ത്രിയായിരുന്ന അവർ പിണറായി വിജയന്റെ കണ്ണിലെ കരടായി മാറാൻ കാരണമായി പറയപ്പെടുന്നത്.
2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി, സംസ്ഥാനത്ത് തൃശൂർ ജില്ലയിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്തത്. കൊവിഡിന്റെ ഉറവിടമായ ചൈനയിലെ വുഹാനിൽ നിന്ന് നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയിലായിരുന്നു ആദ്യം രോഗം പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞയുടൻ തൃശൂരിലേക്ക് കുതിച്ചെത്തിയ ശൈലജ വേണ്ട മുൻകരുതൽ നടപടികൾക്ക് നേതൃത്വം നൽകാൻ മുന്നിലുണ്ടായിരുന്നു.
വിദ്യാർത്ഥിനിയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, അത് രാജ്യത്തെ പത്രസമ്മേളനം വിളിച്ച് അറിയിച്ചത് മന്ത്രി ആയിരുന്ന ശൈലജ ആയിരുന്നു. ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായിട്ടും, വാർത്താ സമ്മേളനം നടത്തുന്ന കാര്യം പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ അറിഞ്ഞിരുന്നില്ലെന്ന് പറയപ്പെടുന്നു. സംഭവം മന്ത്രിസഭയിലും പാർട്ടിയിലും ചർച്ചയാവുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് കോടിയേരിയും പിണറായി വിജയനും ശൈലജയോട് നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു എന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം. പിന്നീടങ്ങോട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങൾ നടത്തുകയും, അംഗീകാരങ്ങൾ വാങ്ങുകയും ചെയ്ത ടീച്ചർ, സർക്കാരിന്റെ വാർത്താ സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിന്തള്ളപ്പെടുകയായിരുന്നു. പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ ആൾ എന്നതിലുപരി ശൈലജ മുഖ്യമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചവർ വരെയുണ്ട്. അതുകൊണ്ടാണ് തുടർ ഭരണത്തിൽ ശൈലജ ഒഴികെ മറ്റ് മന്ത്രിമാരെല്ലാം ഒഴിവാക്കപ്പെടും എന്നത് വാർത്തകളിൽ നിറഞ്ഞത്.