കണ്ണൂർ: കൺസ്യൂമർ ഫെഡറേഷൻ കണ്ണൂർ റീജ്യണിലെ നീതി മെഡിക്കൽ പ്രതിരോധ കിറ്റിന്റെയും ഭക്ഷ്യധാന്യ കിറ്റിന്റെയും ഹോം ഡെലിവറി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. കണ്ണൂർ ജില്ലാ ഹോൾസെയിൽ സ്‌റ്റോർ മാനേജിംഗ് ഡയറക്ടർ ഇൻചാർജ് ഹരിദാസൻ, കണ്ണൂർ ടൗൺ ബാങ്ക് സെക്രട്ടറി ബീന എന്നിവർക്ക് കിറ്റ് കൈമാറി.
കൊവിഡ് രണ്ടാം ഘട്ടത്തിൽ ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ കിറ്റുകൾ ഓപ്പൺ മാർക്കറ്റിൽ 637 രൂപ വിലയുള്ള 10 ഇനം മരുന്നുകൾ വെറും 200 രൂപയ്ക്കാണ് നൽകുന്നത്. പ്രതിരോധ കിറ്റിൽ പാരസെറ്റാമോൾ, വൈറ്റമിൻ സി ഗുളികകൾ, ബി കോംപ്ലെക്സ്, സർജിക്കൽ മാസ്‌ക്-3, എൻ 95 മാസ്‌ക്ക്, സാനിട്ടൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ്, ഒ.ആർ.എസ്, തുടങ്ങിയവ ഉൾപ്പെടുന്നു.
ഇതുകൂടാതെ പുറം മാർക്കറ്റിൽ നിന്നും വളരെ വിലക്കുറവിൽ എല്ലാ ഭക്ഷ്യ ധാന്യങ്ങളും, സ്‌റ്റേഷനറി സാധനങ്ങളും ത്രിവേണിയുടെ ഉത്പന്നങ്ങളും ആവശ്യമുള്ള മറ്റ് മരുന്നുകളും ഹോം ഡെലിവറിയായി ജില്ലകളിൽ എല്ലായിടങ്ങളിലും എത്തിക്കുന്നതിനും കൺസ്യൂമർഫെഡ് സജ്ജമായിട്ടുണ്ട്.
ചടങ്ങിൽ കണ്ണൂർ ജില്ലാ ഡയറക്ടർ മോഹനൻ കൊല്ലോൻ അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ മാനേജർ സന്തോഷ് സ്വാഗതവും ഗോഡൗൺ മാനേജർ സുധീർ ബാബു നന്ദിയും പറഞ്ഞു. അഡ്മിനിസ്‌ട്രേഷൻ മാനേജർ ജിയോ ജോർജ്, വെയർഹൗസ് മാനേജർ വി.സി ഷെറിൻ എന്നിവർ സംസാരിച്ചു.