മാഹി: കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് മയ്യഴിയിലെ മദ്യശാലകൾ അടച്ചിട്ടിരിക്കെ, മയ്യഴിയിലേക്ക് കർണാടക മദ്യം ഒഴുകുന്നു. പല ബ്രാന്റുകളിലുമുള്ള കർണാടക മദ്യം ഇവിടെ സുലഭം. കർണാടകത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ 10 മണി വരെ മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ട്.
ഇങ്ങനെ ലഭിക്കുന്ന മദ്യം വീരാജ് പേട്ട വഴി കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിലാണ് മാഹിയിലെത്തുന്നതെന്നാണ് വിവരം. കുപ്പികൾക്ക് പകരം 'ഫ്രൂട്ടി' മാതൃകയിലുള്ള പായ്ക്കറ്റുകളിലാണ് ഇവ കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ പൊട്ടി പോകില്ല. ഡി.കെ. ഡബിൾ കിക്ക്, ഒറിജിനൽ ചോയ്സ് തുടങ്ങിയ ഇനങ്ങൾക്കാണ് വൻ ഡിമാന്റത്രെ.
കള്ളക്കടത്ത് മണത്തറിഞ്ഞ എക്‌സൈസ് സ്‌ക്വാഡുകൾ അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും, ഇവരുടെ കണ്ണ് വെട്ടിച്ചും, അല്ലാതെയും ഊടുവഴികളിൽക്കൂടിയും ചെറു പച്ചക്കറി വാഹനങ്ങളിലാണ് പ്രധാനമായും ഇവ കൊണ്ടുവരുന്നത്.
കർണാടകയിൽ വില 55,
മാഹിയിൽ 400
കർണാടകത്തിൽ 180 മി.ലിറ്ററിന് 55 രൂപയുള്ള ക്വാർട്ടറിന് മാഹിയിൽ 400 രൂപ നൽകേണ്ടി വരും. പള്ളൂർ, പന്തക്കൽ മേഖലയിലേക്കാണ് കൂടുതലും ഇത്തരത്തിലുള്ള കർണാടക മദ്യമെത്തുന്നത്.
വ്യാജനും നുരയുന്നു
ചിലർ മയ്യഴിയിലെ ചില ജനശ്രദ്ധയില്ലാത്ത ഭാഗങ്ങളിൽ വച്ച് വ്യാജവാറ്റ് നടത്തുന്നതായും പരാതിയുയർന്നിട്ടുണ്ട്. കൈതച്ചക്ക, തെങ്ങിൻ പൂക്കുല, ജാംബക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചാണ് വ്യാജമദ്യ നിർമ്മാണമത്രെ.
ഒട്ടേറെ ചെറുപ്പക്കാർ മദ്യക്കടത്തുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. വ്യാജമദ്യത്തിനായി മയ്യഴിക്ക് പുറത്തുള്ളവരും ഇടനിലക്കാരെ അന്വേഷിച്ച് ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.