മാഹി: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭ/ പഞ്ചായത്ത് വാർഡ് വിഭജനത്തിൽ എന്തെങ്കിലും ആക്ഷേപം ജനങ്ങൾക്ക് ഉണ്ടെങ്കിൽ, പത്തു ദിവസത്തിനുള്ളിൽ അറിയിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോടതി വിധിയുണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് കോടതിയലക്ഷ്യ ഹരജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ജൂൺ മാസം നാലാം തീയതിക്കുള്ളിൽ വാർഡ് വിഭജനം പൂർത്തിയാക്കേണ്ടതാണ്. അങ്ങിനെ വന്നാൽ സെപ്തംബർ മുപ്പതാം തീയതിക്കുള്ളിൽ നഗരസഭ- പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടത്താത്തത് കൊണ്ട് സംസ്ഥാനത്തിന് 4200 കോടിയുടെ കേന്ദ്രസഹായമാണ് നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥ ഭരണത്തിൽ വികസനവും മുരടിച്ചു.