പയ്യന്നൂർ: ടൗണിൽ പ്രധാന റോഡരികിൽ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപമുള്ള ആൽമരത്തിന്റെ ശാഖ വീണ്ടും പൊട്ടിവീണു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആൽമരത്തിന് സമീപമുള്ള ഗ്രീൻ ലാൻഡ് ഹോട്ടൽ ഉടമ കിഴക്കെ കണ്ടങ്കാളിയിലെ പി.കെ. മുരളീധരൻ (51), സുഹൃത്ത് ചിറ്റാരിക്കൊവ്വലിലെ പി.സി. രമേശൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. ചെവിക്കും തലക്കും സാരമായി പരിക്കേറ്റ മുരളീധരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് മരത്തിന്റെ ശാഖ റോഡിലേക്ക് പൊട്ടിവീണത്. ഇതോടെ ഏറേനേരം ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ഏറെ പ്രയത്നിച്ച് ശാഖ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, നഗരസഭ സെക്രട്ടറി കെ.ആർ. അജി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

അപകടസ്ഥിതിയിലായ മരത്തിന്റെ ശേഷിക്കുന്ന ഭാഗം അടിയന്തരമായും മുറിച്ച് മാറ്റുന്നതിനാവശ്യമായ നടപടികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഇതേ ആൽമരത്തിന്റെ വലിയ ഒരു ശാഖ സമീപമുള്ള കിണറിന്റെ മുകളിലും റോഡിലുമായി പൊട്ടിവീണിരുന്നു.