കാസർകോട്: ലോക്ക് ഡൗണിൽ തുറക്കാൻ അനുമതിയില്ലാത്ത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും, ഇത് വ്യാപരികൾക്ക് വലിയ ആശ്വാസമേകുന്ന നടപടിയാണെന്നും ടെക്സ്റ്റയിൽ അസോസിയേഷൻ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന കടകളും സ്വകാര്യ കെട്ടിടങ്ങളിലായതിനാൽ സ്വകാര്യ കെട്ടിട ഉടമകളും ഈ മാതൃക പിന്തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ വാടക ഇളവ് ലഭ്യമായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലാവും വ്യാപാര മേഖല. ലോക്ക് ഡൗണിന് ശേഷം കടതുറക്കാൻ വരുന്ന വ്യാപരികളെ കാത്ത് വൈദ്യുതി ബിൽ അടക്കമുള്ള വലിയ ബാദ്ധ്യതകളാണ് കാത്തിരിക്കുന്നത്. വൈദ്യുതി ബില്ലടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി പ്രസിഡന്റ്‌ അഷ്‌റഫ്‌ ഐവ, സെക്രട്ടറി ഹാരിസ് അങ്കോല, ട്രഷറർ സമീർ ലിയ എന്നിവർ അറിയിച്ചു.