saneesh
സനീഷ് ജോസഫ്

ശ്രീകണ്ഠപുരം: അവൻ വരും, വരാതിരിക്കില്ല. ഏരുവേശി ഗ്രാമവും വലിയപറമ്പിൽ താന്നിക്കൽ വീടും സനീഷിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. മുംബൈ ഒ.എൻ.ജി.സിയിൽ കരാർ ജോലിക്കാരനായ സനീഷ് ജോസഫിനെ ബാർജ് ദുരന്തത്തിൽ ശക്തമായ തിരമാലകളിൽപെട്ട് കാണാതാവുകയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കാണാതായവരുടെ ലിസ്റ്റിൽ സനീഷും ഉണ്ടെന്ന വിവരമാണ് ലഭിച്ചത്. കെ. സുധാകരൻ എം.പി, വി. ശിവദാസൻ എം.പിഎന്നിവർ മുംബയിൽ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയും അന്വേഷണം നടത്തുന്നുണ്ട്.

വലിയപറമ്പിൽ ജോസഫിന്റെയും നിർമ്മലയുടെയും മകൻ സനീഷ് ജോസഫ് എട്ടുവർഷത്തോളമായി ഇവിടെ കരാർ ജോലി ചെയ്തുവരികയാണ്. മാത്യു അസോസിയേറ്റ്‌സ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കൊവിഡിനെ തുടർന്ന്‌ കഴിഞ്ഞ വർഷം മേയിൽ നാട്ടിലെത്തിയ സനീഷ്‌ ഒക്ടോബറിൽ കമ്പനി വിളിച്ചതിനാൽ മുംബയിലേക്ക് പോവുകയായിരുന്നു. നവംബറിലാണ് റിഗ്ഗിലേക്കു പോയത്. കൊവിഡ്‌ ശക്തമായതോടെ കരയ്‌ക്കു വരാൻ സാധിക്കാതെ സനീഷ് അടക്കമുള്ളവർ റിഗ്ഗിൽ കഴിയുകയായിരുന്നു.

പിറന്നാൾ ആശംസയ്ക്ക് ശേഷം പിന്നീട് വിളിച്ചില്ല
മേയ് 15ന് സനീഷിന്റെ പിറന്നാളായതിനാൽ സഹോദരൻ ആശംസ അറിയിച്ച് വാട്സാപ്‌ സന്ദേശം അയച്ചിരുന്നു. മറുപടി സന്ദേശം ലഭിച്ചശേഷം ബന്ധം ഉണ്ടായിട്ടില്ലെന്ന്‌ കുടുംബം പറയുന്നു. നെറ്റ് വർക്ക് പ്രശ്നം കാരണം സനീഷ് വീട്ടിലേക്ക് വിളിക്കുന്നത് കുറവായിരുന്നു. നെറ്റ് വർക്ക് ലഭിച്ചാൽ അത്യാവശ്യം മെസേജുകളാണ് അയക്കാറ്‌. സനീഷുമായി ബന്ധപ്പെട്ട് ഒരു ദിവസം കഴിയുമ്പോഴാണ് അപകടം.

ബാർജ് തകരുമെന്നായപ്പോൾ കടലിലേക്ക് ചാടി
കമ്പനിയിലെ മറ്റൊരു തൊഴിലാളി ചെമ്പേരിയിലെ മാമ്പുഴ സിബിയും സനീഷിന്റെ കൂടെയുണ്ടായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിൽ വീശിയടിച്ച തിരമാലയിൽ ബാർജ് തകരുമെന്നായതോടെ ലൈഫ് ജാക്കറ്റണിഞ്ഞ് കൈ ചേർത്തുപിടിച്ച് ഇരുവരും കടലിലേക്ക് ചാടുകയായിരുന്നു. തിര വന്ന് ഇരുവരെയും വേർപ്പെടുത്തി. നേവിയുടെ വലയിൽ കുടുങ്ങിയ സിബിയെ തിങ്കളാഴ്ച കരയ്ക്കെത്തിച്ചിരുന്നു. രക്ഷപ്പെട്ട സിബിയാണ് സംഭവം ഭാര്യയോട് പറഞ്ഞത്‌. നാട്ടിലെ മറ്റൊരു സുഹൃത്ത് വഴിയാണ് അപകടവിവരം സനീഷിന്റെ കുടുംബം അറിഞ്ഞത്.