കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധവളണ്ടിയർ പാസ് അനുവദിക്കുന്ന വിഷയത്തിൽ കണ്ണൂർ കളക്ടർക്കെതിരെ പ്രത്യക്ഷ സമരവുമായി ബി.ജെ.പി. ജില്ലാ കളക്ടർ ടി.വി സുഭാഷ് സി.പി.എമ്മിന് ഒത്താശ ചെയ്യുന്നുവെന്നും സന്നദ്ധ പ്രവർത്തനത്തിനായി ബി.ജെ.പി പ്രവർത്തകർക്ക് പാസ് നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പാസിനായി അപേക്ഷിച്ച അൻപതോളം ബി.ജെ.പി പ്രവർത്തകർക്കെതിരെ അന്വേഷണം നടത്തുകയാണ് പൊലീസ് ചെയ്യുന്നത്. സി.പി.എം സംഘടനയായ ഐ.ആർ.പി.സിയെ മാത്രം റിലീഫ് എജൻസിയായി പ്രഖ്യാപിച്ച കളക്ടർ തനിക്ക് ഉന്നത തസ്തിക ലഭിക്കുന്നതിനായി മറ്റു പാർട്ടി പ്രവർത്തകർക്ക് പാസ് നിഷേധിക്കുകയാണെന്നും ഹരിദാസ് ആരോപിച്ചു.
സമരത്തിൽ പി.പി വിനോദ് കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി നേതാക്കളായ യു.ടി ജയന്തൻ, അർച്ചനാ വണ്ടിച്ചാൽ, കെ. രതീഷ്, ബിജു ഏളക്കുഴി തുടങ്ങിയവർ പങ്കെടുത്തു.