cpz-palam
രാജഗിരി ഇട കോളനിയിലേയ്ക്ക് കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച താല്കാലിക പാലം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ സന്ദർശിക്കുന്നു

ചെറുപുഴ: കാലവർഷത്തിന് മുൻപേ കാര്യങ്കോട് പുഴയിൽ പാലം നിർമ്മിച്ച് രാജഗിരി ഇടകോളനി നിവാസികൾ. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡ് രാജഗിരിയിൽ ഉൾപ്പെട്ടതാണ് ഇടകോളനി. 12 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴക്കാലം എന്നും ഇവരുടെ പേടി സ്വപ്‌നമാണ്. കുത്തിയൊഴുകുന്ന കാര്യങ്കോടുപുഴ ഒരു വശത്ത്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കർണാടക വനം മറുവശത്ത്.

ശരിക്കും ഈ കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാണ്. രണ്ട് വർഷം മുൻപ് ഇടകോളനിയിലേയ്ക്കുള്ള പാലം ഒലിച്ചുപോയിരുന്നു. കഴിഞ്ഞ വർഷം പാലത്തിൽ നിന്നും വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇക്കാരണങ്ങളാൽ ഈ വർഷം കാലവർഷം തുടങ്ങുന്നതിന് മുൻപേ പാലം നിർമ്മിക്കണമെന്ന് കോളനി നിവാസികൾ തീരുമാനിക്കുകയായിരുന്നു.

ചെറുപുഴ പഞ്ചായത്തിന്റെ സഹായവും ഇവർക്ക് ലഭിച്ചതോടെ നിർമ്മാണം വേഗത്തിലാകുകയായിരുന്നു. പുഴ കടക്കാൻ ഇതോടെ ഉറപ്പുള്ള ഒരു താല്കാലികപാലം നിർമ്മിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജഗിരി ഇടകോളനി നിവാസികൾ. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സെക്രട്ടറി എം.പി. ബാബുരാജ് എന്നിവർ നിർമ്മാണം പൂർത്തിയാക്കിയ പാലം സന്ദർശിച്ചു.