പയ്യന്നൂർ: ഗവ: താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി നഗരസഭ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ആശുപത്രിയിൽ പുതുതായി ഒരുക്കിയ ഓക്സിജൻ സൗകര്യങ്ങളോട് കൂടിയുള്ള ഇരുപത് ബെഡ്ഡുകൾ ഉൾക്കൊള്ളുന്ന കൊവിഡ് വാർഡിന്റെ പ്രവർത്തനം തിങ്കളാഴ്ചയോട് കൂടി ആരംഭിക്കുമെന്ന് ആശുപത്രി സന്ദർശിച്ച നിയുക്ത എം.എൽ.എ ടി.ഐ. മധുസൂദനനും നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയും അറിയിച്ചു. ആശുപത്രി ജീവനക്കാർക്കൊപ്പം ഡി.വൈ.എഫ്.ഐ. പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി പ്രവർത്തകരുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് വാർഡ് സജ്ജീകരിച്ചത്.
കൊവിഡ് രോഗികൾക്കായി 10 കിടക്കകളോടു കൂടിയ ഡയാലിസിസ് സൗകര്യവും ആശുപത്രിയിൽ ഒരുങ്ങിയെന്നും, ജില്ലയിൽ എടക്കാട് കഴിഞ്ഞാൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നതെന്നും താലൂക്ക് ആശുപത്രി ജീവനക്കാരോടൊപ്പം എൻ.എച്ച്.എം. പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ള ജീവനക്കാരുടെ സേവനം കൂടി കൊവിഡ് പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി.സജിത, ടി.വിശ്വനാഥൻ, കൗൺസിലർ കെ.യു. രാധാകൃഷ്ണൻ, ഡോ: നിസാർ, ഡോ: സുനിത മേനോൻ, നഴ്സിംഗ് സൂപ്രണ്ട് മേരിക്കുട്ടി, പി.ആർ.ഒ ജാക്സൺ എഴിമല, ഹെഡ് നഴ്സുമാരായ സനൂജ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.