മട്ടന്നൂർ: മട്ടന്നൂർ അഗ്നി ശമനസേനാ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വെള്ളിയാംപറമ്പിലുള്ള വാടകക്കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു അപകടം. താഴെ ആൾക്കാരില്ലാത്തതിനാൽ അപകടം ഒഴിവായി. കെട്ടിടത്തിലെ ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്ന ഗാരേജിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്.
അഗ്നി ശമനസേനയുടെ വാഹനങ്ങൾക്ക് മേലെയാണ് ഓടും മരവും മറ്റും വീണത്. താഴെ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ മുൻഭാഗം തകർന്നു. സേനാംഗങ്ങളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്നാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.
കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് തകരാൻ ഇടയാക്കിയതെന്ന് കരുതുന്നു. 22 വർഷം മുമ്പാണ് വെള്ളിയാംപറമ്പിലെ വാടകക്കെട്ടിടത്തിൽ അഗ്നിശമന കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. അതിനുമുമ്പ് ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. മട്ടന്നൂർ അഗ്നി ശമനസേനയ്ക്ക് തലശ്ശേരി റോഡിൽ കനാലിന് സമീപത്തായി പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിന് ബഡ്ജറ്റിൽ തുകയും വകയിരുത്തിയിരുന്നു. ഒരുഭാഗം തകർന്നതോടെ കെട്ടിടം പൂർണമായി അപകട ഭീഷണിയിലായിരിക്കുകയാണ്.