മാഹി: പച്ചക്കറി മിനിലോറികളിൽ ഊടുവഴികളിലൂടെ കർണാടകത്തിൽ നിന്നും എത്തിക്കൊണ്ടിരുന്ന ടെട്രാ പായ്ക്കറ്റ് മദ്യം ട്രെയിൻ മാർഗ്ഗവും കടൽ മാർഗ്ഗവുമായി സജീവമായി എത്തുന്നു. പലയിടത്തും എക്‌സൈസ് സംഘം പിടികൂടിയതോടെയാണ് റോഡ് മാർഗമുള്ള കടത്തിന് പുറമെ ഇതര വഴികൾ തേടിയിരിക്കുന്നത്. കൊവിഡ് കാലത്ത് ട്രെയിനുകൾ കുറവാണ്. എങ്കിലും മംഗലാപുരത്ത് നിന്ന് വരുന്ന ട്രെയിനുകൾ റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുന്ന സമയങ്ങളിലല്ല മദ്യം ഇറക്കുന്നത്. തലശ്ശേരി, മാഹി സ്റ്റേഷനുകൾ പിന്നിട്ടാലുകൾ മദ്യശേഖരം ഏജന്റുമാർ പുറത്തേക്ക് എറിയുകയാണത്രെ.
അവിടെ കാത്തു നിൽക്കുന്ന വിൽപ്പനക്കാർ ഇവ എടുത്തുകൊണ്ടു പോകുകയും ചെയ്യുമെന്നാണ് അറിയുന്നത്. ചാക്കിൽ കെട്ടി എറിഞ്ഞാൽ കുപ്പികളല്ലാത്തതിനാൽ പൊട്ടിപ്പോകുകയുമില്ല എന്ന സൗകര്യവുമുണ്ട്. തലശ്ശേരിയിൽ റെയിൽവേ പൊലീസ് കഴിഞ്ഞ ദിവസം കർണാടക മദ്യം പിടികൂടിയിരുന്നു. മാഹി സ്റ്റേഷൻ വിട്ടാലുടൻ ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ, ഇതേ പോലെ നിശ്ചിത സ്ഥലത്ത് കാത്ത് നിൽക്കുന്നവരെ ലക്ഷ്യമാക്കി മദ്യശേഖരം എറിഞ്ഞു കൊടുക്കുകയാണ് പതിവെന്ന് രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.
മത്സ്യ ബന്ധനത്തിന്റെ മറവിൽ കടൽ വഴിയും വൻതോതിൽ മദ്യം തലശ്ശേരി-മാഹി നഗരങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ഇതാണ് കൂടുതൽ സുരക്ഷിതമെന്ന വിലയിരുത്തലും മദ്യലോബികൾക്കിടയിലുണ്ടത്രെ. പരിശോധനകൾ ഉണ്ടാവില്ല. കഴിഞ്ഞദിവസങ്ങളിൽ കടലിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. എന്നാൽ ചെറിയതോതിൽ മത്സ്യബന്ധനം ആരംഭിച്ചതോടെ മദ്യക്കടത്തും ആരംഭിച്ചതായി പറയുന്നു.
കൂടുതൽ മദ്യമെത്തിയാൽ
വില കുറയും
വലിയ തോതിൽ മദ്യം എത്തിയതോടെ ടെട്രാ പായ്ക്കറ്റ് മദ്യത്തിന്റെ വിലയിലും കുറവുണ്ടായതായി പറയുന്നു. കർണാടകത്തിൽ 55 രൂപ വിലയുള്ളതും മാഹിയിൽ 400 രൂപ വില ഈടാക്കുന്നതുമായ ബ്രാന്റുകൾ ഇപ്പോൾ 300 രൂപക്ക് സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് പറയുന്നത്.