തലശ്ശേരി: കടൽക്ഷോഭവും, കൊവിഡ് സാമൂഹ്യ വ്യാപനവും, ലോക്ക് ഡൗണുമെല്ലാം ഒന്നിച്ചെത്തിയപ്പോൾ കടലിന്റെ മക്കൾ ദുരിതക്കയത്തിലായി. തീരദേശം കൊവിഡ് മഹാമാരിയുടെ പിടിയിലായതോടെ ജനങ്ങൾ വീടടച്ച് ഇരിപ്പാണ്. തീരദേശത്തെ നാല് വാർഡുകളിൽ മാത്രമായി 76 ഓളം കൊവിഡ് രോഗികളാണുള്ളത്. മത്സ്യതൊഴിലാളികൾ ഇടതിങ്ങി പാർക്കുന്ന ഈ സ്ഥലത്തെ ആളുകൾക്ക് രോഗാവസ്ഥ കാരണം പുറത്തിറങ്ങാനാവാതെ വന്നതോടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കോളനിവാസികളാണ് ഇവരിൽ കൂടുതലും. നഗരസഭയിലെ 46ാം വാർഡായ കൈവട്ടത്തെ ചർച്ച് കോളനി ,സമീപത്തെ സെന്റ് പീറ്റേഴ്സ് നായനാർ കോളനികളും അടച്ചിട്ടിരിക്കയാണ്. ഈ കോളനികളിൽ മാത്രം 37 പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. അവരുടെ കുടുംബങ്ങളും നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞാൽ മാത്രമെ ഇവർക്ക് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കൂ. ഇതര സംസ്ഥാന തൊഴിലാളികളും ഈ തീരദേശ മേഖയിൽ താമസിക്കുന്നുണ്ട്. അവരിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൂടാതെ കൂലി തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരും ഈ തീരദേശ മേഖലയിൽ താമസക്കാരായുണ്ട്. 41,42, 47 വാർഡുകളിലെ താമസക്കാരിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജാഗ്രതയോടെ സമിതി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈവട്ടം വാർഡിൽ കൗൺസിലർ ടെൻസി നോമീസിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നുണ്ട്. വളണ്ടിയർ ടീമും സജീവമായി സേവന പ്രവർത്തനത്തിൽ മുഴുകിയിട്ടുണ്ട്. ഒരു ഭാഗത്ത് കൊവിഡ് രോഗബാധയെ തുടർന്നുള്ള ഭീതിയും, മറുഭാഗത്ത് തൊഴിലിന് പോകാനാവാതെ ഉപജീവനം വഴിമുട്ടിയതും തീരദേശ മേഖലയെ ആകെ ആശങ്കയിലും അനിശ്ചിതത്വത്തിലുമാക്കിയിരിക്കുകയാണ്.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്തുള്ള ജനകീയ കൂട്ടായ്മയിലാണ് ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിലിന് പോകാൻ സാധിക്കാത്ത അവസ്ഥയിൽ, ജീവിതം വഴിമുട്ടിയ ഇവരെ സഹായിക്കാൻ സന്നദ്ധ സേവന സംഘടനകൾ മുന്നോട്ട് വരണം.
കൗൺസിലർ ടെൻസി നോമീസ്