കാഞ്ഞങ്ങാട്: ദേശസാൽകൃത -ഇതര ബാങ്കുകളിൽ പ്രവർത്തിക്കുന്ന ജുവൽ അപ്രൈസർമാർ ലോക്ക് ഡൗണിനിടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രതിസന്ധിയിൽ. കഴിഞ്ഞ നോട്ടു നിരോധിത കാലത്തു തുടങ്ങിയ ദുരിതം ഇന്നും തുടരുകയാണ്. പ്രളയവും കൊവിഡും വന്നപ്പോഴും ഇവർക്ക് ആശ്വാസമായി നൂറു രൂപ പോലും കേന്ദ്ര -കേരള സർക്കാരുകളോ, ബാങ്കുകളോ നൽകിയിട്ടില്ലെന്ന് ഇവർ പറയുന്നു.
കൊവിഡ് ബാധിച്ച് ചിലർ വീടുകളിൽ കഴിയുകയാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ മേഖലയിലെ തൊഴിലാളികൾക്കും സർക്കാർ സാമ്പത്തികം ഉൾപ്പെടെ സഹായം നൽകിയപ്പോൾ ജുവൽ അപ്രൈസർ വിഭാഗത്തെ ആരും പരിഗണിച്ചില്ല. ബാങ്കിൽ സ്വർണ പണയം എടുത്താൽ മാത്രമേ ഇവർക്ക് വരുമാനം ഉള്ളൂ. ഇപ്പോൾ ഒരു വർഷത്തിലേറെയായി കാർഷിക ലോണിൽ നിയന്ത്രണം കൊണ്ടുവന്നതിനാൽ പല ബ്രാഞ്ചുകളിലും സ്വർണ പണയം പകുതിയിലും താഴെയായി കുറഞ്ഞിട്ടുണ്ട്.
മിനിമം സ്റ്റാഫിനെ വച്ചു ബാങ്ക് പ്രവർത്തിക്കുന്നതിനാൽ മിക്ക ബാങ്കിലും സ്വർണപണയം നിർത്തി വച്ചിരിക്കുകയാണ്. പല അപ്രൈസർമാരും ആത്മഹത്യയുടെ വക്കിലാണ്. ലോക്ക് ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണ ജനസമൂഹത്തിന് ആശ്വാസമായ വളരെ ലളിതമായ സ്വർണപണയ വായ്പയാണ് നിലച്ചിരിക്കുന്നത്. അപ്രൈസർമാരെ സംരക്ഷിക്കണമെന്ന് ആൾ കേരള ബാങ്ക് ജുവൽ അപ്രൈസേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഓൺലൈൻ മീറ്ററിംഗിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ഇ.വി. മോഹനൻ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. മോഹൻരാജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അതിരഥൻ കെ.എൻ, പ്രജീഷ് കെ.വി, അശോകൻ ടി (ബാങ്ക് ഓഫ് ബറോഡ ), മനോജ് കുമാർ സി.എം, രാജേഷ് ടി.വി (കാനറാ ബാങ്ക്) ബാലകൃഷ്ണൻ പി (ഐ.ഒ.ബി ), ചന്ദ്രൻ പി (ഐ.ഡി.ബി.ഐ) എന്നിവർ സംസാരിച്ചു.