പിലിക്കോട്: തോടുകളിലും വയലുകളിലും കൂടുകളും വലകളും വെച്ച് മത്സ്യങ്ങൾ പിടിക്കുന്നവർക്കെതിരെ കർശന നടപടി. പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് വയലുകളിൽ സ്ഥാപിച്ചിരുന്ന വലകളും കൂടുകളും മറ്റ് ഉപകരണങ്ങളും ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.
കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പെട്രോളിംഗിലാണ് ഊത്തപിടുത്തം ശ്രദ്ധയിൽ പെട്ടതും നടപടി സ്വീകരിച്ചതും. ശുദ്ധജല തനത് മത്സ്യങ്ങൾ കായലുകളിൽ നിന്ന് ആറ്റുകളിലേക്ക് മുട്ടയിടാനായി വരുന്ന മഴക്കാലത്ത് ഇവയെ അനധികൃതമായി പിടിക്കുന്നത് വംശനാശത്തിന് കാരണമാകുന്നതിനാലാണ് പുതുമഴക്കാലത്തെ ഇത്തരത്തിലുള്ള മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രജനന സമയത്ത് മത്സ്യസമ്പത്ത് നശിപ്പിക്കുന്നത് 15,000 രൂപ പിഴയും 6 മാസ തടവും ലഭിക്കുന്ന കുറ്റമാണ് . ശ്രദ്ധയിൽപെട്ടാൽ താഴെ കാണുന്ന വിലാസത്തിൽ അറിയിക്കുക പി.വി സതീശൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കാസർകോട്. ഫോൺ: 0467-2202537.