ആലക്കോട്: കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ മൂന്നുപേർക്ക് പരിക്ക്. കാപ്പിമലയ്ക്കടുത്തുള്ള ഫർല്ലോങ്കര ആദിവാസി കോളനിയിലെ കണ്ണാ വീട്ടിൽ രാഘവൻ (57), കെ ആർ രതീഷ് (35), വൈതൽകുണ്ട് സ്വദേശി ചക്കാലയ്ക്കൽ തങ്കച്ചൻ (58), എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് വളർത്തുനായയ്ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നിൽക്കുകയായിരുന്ന രാഘവനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദയഗിരി വില്ലേജ് അസിസ്റ്റന്റ് ആയ കെ.ആർ. രതീഷ് ഫർല്ലോങ്കരയിലെ വീടിനടുത്തുള്ള റോഡിൽ നിൽക്കുമ്പോൾ കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. വൈതൽകുണ്ടിലെ വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് ചക്കാലയ്ക്കൽ തങ്കച്ചനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാലിനു പരിക്കേറ്റ തങ്കച്ചൻ വീടിനുള്ളിൽ ഓടിക്കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തങ്കച്ചനും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത് മൂലം ആളുകൾ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്.