കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനുള്ള റിലീഫ് ഏജൻസിയായി പ്രവർത്തിക്കുന്നതിന് സി.എച്ച്. സെന്ററിനെ അംഗീകരിച്ചു കൊണ്ട് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവായി.
കഴിഞ്ഞ പത്ത് വർഷമായി ആതുരസേവന മേഖലയിലും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.എച്ച്.സെന്ററുകളെ റിലീഫ് ഏജൻസിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റർ ജനറൽ സെക്രട്ടറി കൂടിയായ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി മേയ് 12ന് തന്നെ കളക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആവശ്യം പരിഗണിക്കാതിരുന്ന കളക്ടർ ആർ.എസ്.എസ്.സംഘടനയായ സേവാഭാരതിയെ റിലീഫ് ഏജൻസിയായി അംഗീകരിച്ച് ഉത്തരവിറക്കി. മുസ്ലിം ലീഗ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും എന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ജില്ലാ കളക്ടർ സി.എച്ച്.സെന്ററിനെയും അംഗീകരിച്ച് ഉത്തരവിട്ടത്.