പയ്യന്നൂർ: വാഹന പരിശോധനയ്ക്കിടയിൽ അനധികൃതമായി കടത്തുകയായിരുന്ന കർണാടക മദ്യവും രേഖകളില്ലാത്ത പണവും പയ്യന്നൂർ പൊലീസ് പിടികൂടി. മദ്യ കടത്തിന് തമിഴ്നാട് മധുര സ്വദേശികളായ ശങ്കർ സെൽവം (32), ദിനേശ്കുമാർ(26) എന്നിവരാണ് പിടിയിലായത്. ലോറിയിൽ ഒളിച്ചു കടത്തുകയായിരുന്നു മദ്യം. മറ്റൊരു വാഹനത്തിൽ നിന്ന് രേഖകളില്ലാതെ നാലേകാൽ ലക്ഷത്തോളം രൂപ കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തിയായ കാലിക്കടവിന് സമീപം കരിവെള്ളൂർ ആണൂരിലായിരുന്നു വാഹന പരിശോധന. ലോറിയിൽ ഒളിച്ചുകടത്തുകയായിരുന്ന 180 മില്ലി കൊള്ളുന്ന 98 കുപ്പി കർണാടക മദ്യമാണ് പൊലീസ് പിടികൂടിയത്. മറ്റൊരു വാഹനത്തിൽ നിന്ന് 4,30,500 രൂപയാണ് കണ്ടെത്തിയത്. കാസർകോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയിലാണ് മതിയായ രേഖകളില്ലാത്ത പണവുമായി ഒറ്റപ്പാലം സ്വദേശികൾ പിടിയിലായത്.

പോത്തുകളെ വിറ്റ പണമാണെന്നാണ് ഇവർ നൽകുന്ന വിശദീകരണമെങ്കിലും വാക്കുകളിലെ പൊരുത്തക്കേടുകൾ സംശയത്തിന് വഴിവെച്ചതിനാലാണ് പണം പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. മതിയായ രേഖകളുണ്ടെങ്കിൽ ഹാജരാക്കുന്നതിനായി നോട്ടീസ് നൽകിയാണ് ഇവരെ താത്കാലികമായി വിട്ടയച്ചത്.