പഴയങ്ങാടി: പുതിയങ്ങാടി സി.കെ റോഡിൽ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത മുട്ടം വെള്ളച്ചാൽ സ്വദേശി കെ. മനാഫിന് നേരെ ഉണ്ടായ അക്രമത്തിൽ പഴയങ്ങാടി പൊലീസ് 7 പേർക്കെതിരെ കേസെടുത്തു. ഇതിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പുതിയങ്ങാടി സ്വദേശികളായ എം.എം ഇബ്രാഹിം കുട്ടി(24), പുന്നക്കൻ അസീം (20), പുഴക്കൽ മുഹമ്മദ് മുഹാസ്(23), ഇരുമ്പൻ ഷിബിലി(21), മുക്രിക്കാന്റകത്ത് റുഫൈസ്(23) എന്നിവരാണ് അറസ്റ്റിലായത്. പുന്നക്കൻ ഹർഷദ്, റഷീക്ക് എന്നിവർ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മുട്ടത്തുള്ള ആൾക്ക് കഞ്ചാവ് പൊതികൾ വിതരണം ചെയ്യവേ പിടികൂടിയ വ്യക്തിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി എത്തിയവർക്ക് നേരെ കൂട്ടം കൂടി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മുട്ടം സ്വദേശികളായ മനാഫ്, മുബശ്ശിർ എന്നിവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.