കണ്ണൂർ: പ്രാദേശിക വിഷയങ്ങളെ ചൊല്ലി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കണ്ണൂർ കോർപ്പറേഷനും ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മും പരസ്യ പോരിലേക്ക് നീങ്ങുന്നു. എസ്.പി.സി.എ കെട്ടിടം ജില്ലാപഞ്ചായത്ത് ഏറ്റെടുത്തതും ജില്ലാപഞ്ചായത്തിന് കോർപറേഷൻ നികുതി നോട്ടീസ് അയച്ചതും പയ്യാമ്പലത്ത് സംസ്കാരചടങ്ങിൽ നിന്ന് സി.പി.എം സഹയാത്രികരുടെ സന്നദ്ധസേനയായ ഐ.ആർ.പി.സിയെ കോർപറേഷൻ വിലക്കിയതുമെല്ലാം കൂടി കോൺഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഏറ്റവുമൊടുവിൽ കോർപറേഷന്റെ നടപടികൾക്കെതിരെ ഇന്ന് എൽ.ഡി.എഫ് 303 കേന്ദ്രങ്ങളിൽ അഞ്ചുവീതം പേരെ പങ്കെടുപ്പിച്ച് ജനകീയപ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ പൊലീസ് മൈതാനിക്ക് മുന്നിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എ കെട്ടിടം ജില്ല പഞ്ചായത്ത് ഏറ്റെടുക്കുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എസ്.പി.സി.എ കെട്ടിടം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരോടൊപ്പം എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും ഏറ്റെടുക്കുന്നത് തടയാനെത്തിയ എസ്.പി.സി.എ ഡയറക്ടർ മേയർ ടി.ഒ. മോഹനനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
സംഭവം സംബസിച്ച് ഇരു വിഭാഗവും കണ്ണൂർ ടൗൺ സ്റ്റേഷനിൽ നൽകിയ പരാതികളിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ദിവ്യയും അതിക്രമിച്ച് കടന്നുവെന്ന് എസ്.പി.സി.എ ഓഫീസിലെ ജീവനക്കാരും നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
എസ്.പി.സി.എ കെട്ടിടം ഏറ്റെടുത്തുവെന്ന് കാണിച്ച് പി.പി ദിവ്യ നോട്ടീസ് പതിച്ച് ദിവസങ്ങൾക്കകം തന്നെ കോർപറേഷൻ ആരോഗ്യവിഭാഗം ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കഫേ ശ്രീ ഹോട്ടലിൽ പരിശോധന നടത്തി പഴകിയഭക്ഷണം പിടികൂടി പിഴ ഈടാക്കിയിരുന്നു.
കഴിഞ്ഞദിവസമാണ് ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഞ്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് 13 ലക്ഷത്തിന്റെ നികുതി അടക്കണമെന്ന് കാണിച്ച് കോർപറേഷൻ നോട്ടീസ് നൽകിയത്. തദ്ദേശ സ്ഥാപന കെട്ടിടങ്ങൾക്ക് നികുതി ചുമത്താൻ പറ്റില്ലെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ജില്ല പഞ്ചായത്ത് വാദിക്കുമ്പോൾ വാണിജ്യ സ്ഥാപനങ്ങൾക്കാണ് നികുതി ചുമത്തിയതെന്നാണ് കോർപറേഷന്റെ നിലപാട്. കോർപ്പറേഷന്റെ നികുതി ചുമത്തലിനെതിരെ സർക്കാറിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്.
ഇതിനിടെ പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കാൻ സന്നദ്ധ സേനാംഗങ്ങളായ ഐ.ആർ.പി.സിയെ അനുവദിച്ചില്ലെന്നാരോപിച്ച് സി.പി.എം കോർപ്പറേഷനുമായി കൊമ്പ് കോർത്തിരുന്നു. നിലവിൽ ഇവിടെ സംസ്‌കാരം കോർപ്പറേഷൻ നേരിട്ട് നടത്തുകയാണ്. ഇതേത്തുടർന്ന് കോർപ്പറേഷൻ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം രംഗത്തുണ്ട്.
ഉടക്കിനിടെ ഇന്ന് പ്രതിഷേധദിനം
മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന നടപടി അവസാനിപ്പിക്കുക, ജനകീയ ഹോട്ടലോ സമൂഹ അടുക്കളയോ ഉടൻ ആരംഭിക്കുക, അതിഥി തൊഴിലാളികൾക്കും കിടപ്പുരോഗികൾക്കും ആവശ്യമായ സേവനം ലഭ്യമാക്കുക, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങൾ ഹോംഡെലിവറിയിലൂടെ ജനങ്ങൾക്കെത്തിക്കുക, പാസ് അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് എൽ.ഡി.എഫ് ജനപ്രതിനിധികളും മുന്നണി പ്രവർത്തകരും കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 250 കേന്ദ്രങ്ങളിലും കടമ്പൂരിൽ 21 കേന്ദ്രങ്ങളിലും വളപട്ടണത്ത് 15 കേന്ദ്രങ്ങളിലും അയ്യൻകുന്ന് 17 കേന്ദ്രങ്ങളിലും ഉൾപ്പെടെ 303 കേന്ദ്രങ്ങളിൽ 5 പേർ വീതം പങ്കെടുക്കുന്ന ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.