തലശ്ശേരി: ന്യൂമാഹി പുന്നോൽ ബദർ മസ്ജിദിന് സമീപത്തെ ഓവുപാലത്തിനടിയിൽ നിന്ന് 5 വടിവാളുകൾ കണ്ടെടുത്തു. കാട് വെട്ടി തെളിയിക്കുകയായിരുന്ന ശുചീകരണ തൊഴിലാളികളാണ് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാളുകൾ കസ്റ്റഡിയിലെടുത്തു.
ന്യൂമാഹി പഞ്ചായത്ത് ഒന്നാം വാർഡിൽ ശുചീകരണ തൊഴിലാളികൾ കാട് വെട്ടി തെളിയിക്കുന്നതിനിടയിൽ ഓവ് പാലത്തിനുള്ളിൽ ഒരു ചാക്ക്‌കെട്ട് കണ്ടെത്തുകയായിരുന്നു. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനകത്ത് 5 വടിവാളുകൾ കണ്ടത്. ഇവ പൊലീസ് കസ്റ്റഡിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രിൻസിപ്പൽ എസ്.ഐ വി.കെ. റസാക്ക്, അഡീഷണൽ എസ്.ഐമാരായ അജിത്ത് കുമാർ, കിഷോർ ബാബു, ബോംബ് സ്‌ക്വാഡ് എസ്.ഐ, ടി.വി.ശശിധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവദാസൻ, രാജേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.