ഇരിട്ടി: ഇടിഞ്ഞുവീണ മതിൽ പുനർനിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് മണ്ണിനടിയിൽപെട്ട രണ്ട് തൊഴിലാളികളെ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശികളായ ജഹാംഗീർ, മുക്ലിത്ത് എന്നിവരാണ് മണ്ണിനടിയിൽപെട്ടത്.
തിങ്കളാഴ്ച രാവിലെ 9.30 തോടെ ഇരിട്ടി പാലത്തിന് സമീപം തന്തോട് ചാവറയിൽ ആയിരുന്നു അപകടം. കനത്തമഴയിൽ കഴിഞ്ഞ 16ന് രാത്രി കുര്യച്ചന്റെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണിരുന്നു. മണ്ണുവീണ് സമീപ വാസിയായ ആലിലക്കുഴിയിൽ ജോസിന്റെ വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇടിഞ്ഞു വീണ മതിൽ പുനർ നിർമ്മിക്കാനുള്ള പ്രവൃത്തിക്കിടെ ഇടിഞ്ഞഭാഗത്തെ മണ്ണ് രണ്ട് തൊഴിലാളികളുടെയും മേൽ പതിക്കുകയായിരുന്നു. പുനർ നിർമ്മാണത്തിനിടെ ഭിത്തിക്ക് ബലം നാൽകാനായി കോൺക്രീറ്റ് ബീം തീർക്കുന്നതിനായി കുഴിച്ച കുഴിയിലായിരുന്നു രണ്ടു പേരും. മണ്ണുവീണ് കുഴി മൂടിയതിനൊപ്പം ഇരുവരും മണ്ണിനകത്തു പെട്ടു. ഇതിൽ ഒരാൾ പൂർണ്ണമായും മൂടിപ്പോയെങ്കിലും ഒരാൾ അരയോളം മണ്ണിലായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ സമയോചിതമായി പ്രവർത്തിച്ച് അരയോളം മണ്ണിൽ മൂടിക്കിടന്ന മുക്ലിത്തിനെ പുറത്തെടുത്തു. തുടർന്ന് തലയടക്കം മൂടിക്കിടന്ന ജഹാംഗീറിന്റെ കഴുത്ത് വരെയുള്ള മണ്ണ് മാറ്റി ശ്വാസമെടുക്കാനുള്ള സംവിധാനമൊരുക്കി. അപ്പോഴേക്കും ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. ജഹാംഗീറിനെയും പുറത്തെടുത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇരിട്ടി അഗ്നിശമനസേന അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, എസ്.എഫ്.ആർ.ഒ ഫിലിപ്പ് മാത്യു, എഫ്.ആർ.ഒ.ഡിമാരായ അനു, രാജൻ, എഫ്.ആർ.ഒമാരായ അനീഷ് മാത്യു, ആർ. അനീഷ്, സഫീർ, റിജിത്ത്, ഹോംഗാർഡ് ചന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അനീഷ് കുമാർ, അരുൺ, ജസ്റ്റിൻ, അജിത്ത്, സജീവൻ എന്നിവരും ഇരിട്ടി പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.