ചെറുപുഴ: ചെറുപുഴ, ആലക്കോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മുതുവം, പരുത്തിക്കല്ല്, നെടുവോട്, കുട്ടാപറമ്പ് ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ മുതുവം-പരുത്തിക്കല്ല് -നെടുവോട് -കുട്ടാപറമ്പ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിയിൽ ഈ റോഡിനെ ഉൾപ്പെടുത്തിക്കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനകീയ സമിതി രൂപീകരിച്ച നാട്ടുകാർ, പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്.
റോഡ് യാഥാർത്ഥ്യമായാൽ കൃഷിയെ ആശ്രയിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഈ പ്രദേശങ്ങളുടെ വികസനത്തിന് അത് വലിയ കുതിപ്പേകും. മലയോര പട്ടണമായ ചെറുപുഴയിൽ നിന്നും മറ്റൊരു പ്രധാന ടൗണായ ആലക്കോട് എത്താൻ മലയോര ഹൈവേയോ, പ്രാപ്പൊയിൽ രയറോം റോഡോ ആണ് ആശ്രയം. പക്ഷേ ഈ രണ്ടു പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശങ്ങളായ മുതുവം, പരുത്തിക്കല്ല്, നെടുവോട്, കുട്ടാപറമ്പ് ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആലക്കോട് എത്തണമെങ്കിൽ മണിക്കൂറുകൾ ചുറ്റി സഞ്ചരിക്കണം.
കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പോകുന്നവർക്കാണ് ഇത്തരത്തിൽ സമയനഷ്ടവും പണച്ചെലവും ഏറെയും. 15 കിലോമീറ്ററിൽ അധികം വരുന്ന ഈ പാതകൾക്ക് പകരം പരുത്തിക്കല്ല് -നെടുവോട് കുട്ടാപറമ്പ് റോഡ് വികസിപ്പിച്ചാൽ ഈ യാത്രാദൂരം 10 കിലോമീറ്റർ ആയി കുറയും.
10 കി.മീ
യാത്ര കുറയും
നിലവിൽ ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിൽ നിന്ന് മുതുവം വരെ 12 മീറ്റർ വീതിയിൽ റോഡിന്റെ മെക്കാഡം ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ഇവിടെ നിന്നും പരുത്തിക്കല്ല് വരെ രണ്ട് കിലോമീറ്റർ ദൂരം സാധാരണ ടാറിംഗ് റോഡുണ്ട്. പരുത്തിക്കല്ലിൽ നിന്നും ആലക്കോട് പഞ്ചായത്തിലെ നെടുവോട് വരെ മൂന്ന് കിലോ മീറ്റർ മണ്ണ് റോഡുമുണ്ട്. നെടുവോടുനിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടാപറമ്പിൽ എത്താം. കുട്ടാപറമ്പ് -ആലക്കോട് റോഡ് നവീകരിച്ച പാതയാണ്. കുട്ടാപറമ്പ് പുഴക്ക് പാലം നിർമ്മിച്ച് പരമാവധി ആറു കിലോമീറ്റർ റോഡ് ഗതാഗത യോഗ്യമാക്കിയാൽ ഈ പ്രദേശങ്ങളുടെ വികസനത്തിന് അത് വഴി തുറക്കുമെന്നു നാട്ടുകാർ പറയുന്നു.
ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാൽ പലരും കൃഷിയിടങ്ങൾ ഉപേക്ഷിച്ച് മാറിത്താമസിക്കുന്നുണ്ട്. പുതിയ സർക്കാരിന്റെ റോഡ് പദ്ധതികളിൽ ഈ റോഡിനും പരിഗണന കിട്ടാൻ പുതിയ ജനപ്രതിനിധികൾ ഇടപെടണം.
നാട്ടുകാർ