കണ്ണൂർ: കോർപ്പറേഷൻ ഭരണകൂടവും ജില്ലയിലെ സി.പി.എം നേതൃത്വവും നേർക്കുനേർ. കോർപ്പറേഷനോടുള്ള രാഷ്ട്രീയ വൈരാഗ്യം കണ്ണൂരിൽ വീണ്ടും രക്തംപുരണ്ട രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ആശങ്ക. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് കോർപ്പറേഷനോട് തുറന്ന പോരിനെത്തിയത്. കൊവിഡ് കാലത്തെ രാഷ്ട്രീയക്കളി പാർട്ടിക്കും ജനത്തിനും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, മഹാമാരി പടർത്താനെ ഉപകരിക്കൂ എന്ന് മേയർ ടി.ഒ. മോഹനൻ കേരളകൗമുദി ഫ്ളാഷിനോട്പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ രാഷ്ട്രീയക്കളി കളിക്കുന്നു എന്നാണ് സി.പി.എം ആരോപണം. ഇത് ഉന്നയിച്ച് പാർട്ടി ഇന്നലെ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. 85 വയസ് കഴിഞ്ഞവരെ പോലും സമരത്തിൽ അണിനിരത്തി ജയരാജൻ മരണത്തിന്റെ വ്യാപാരി ആയെന്ന് മേയർ ടി.ഒ. മോഹനൻ ആരോപിച്ചു. ലോക്ക്ഡൗൺ കാലത്ത് ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാരും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കി വസ്തുതാ വിരുദ്ധമായ കാര്യങ്ങളുന്നയിച്ച് കോർപ്പറേഷനെതിരെ സമരം ചെയ്യുന്നതാണ് രാഷ്ട്രീയക്കളിയെന്നും മേയർ കുറ്റപ്പെടുത്തി.
കോർപ്പറേഷൻ ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി എണ്ണിപറഞ്ഞാണ് ടി.ഒ. മോഹനൻ സി.പി.എമ്മിനെ നേരിടുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനത്തിൽ നിൽക്കുമ്പോഴും കേരളത്തിലെ മറ്റ് 5 കോർപ്പറേഷനുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനവും അതിനുമുകളിലും നിൽക്കുമ്പോഴും കണ്ണൂർ കോർപ്പറേഷൻ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് ഭരണത്തിന്റെ മികവുകൊണ്ടാണ്. ഈ നേട്ടം ഉണ്ടായത് ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായാണ്. ഇത് തകർക്കാനുള്ള നീക്കമാണ് എം.വി ജയരാജൻ സ്വീകരിക്കുന്നത്.
കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചത് മുതൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ച് പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. കണ്ണൂർ ജൂബിലി ഹാളിൽ ആരംഭിച്ച വാക്സിനേഷൻ കേന്ദ്രം ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്പെടുന്ന ഒന്നായി മാറി. പ്രസ്തുത കേന്ദ്രം പൂട്ടിക്കാനുള്ള ചില തത്പരകക്ഷികളുടെ ശ്രമം കോർപ്പറേഷൻ ഇടപെട്ട് ചെറുത്തു. കോർപ്പറേഷൻ തല ജാഗ്രതാ സമിതി യോഗം ചേർന്ന് വാർഡ് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇതിനാവശ്യമായ വോളണ്ടിയർമാരെ നിയമിച്ച് രോഗം ബാധിച്ചവരെയും ക്വാറന്റൈനിലുള്ളവരെയും സഹായിക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും കഴിഞ്ഞു.
കൗൺസിലർമാരിൽ നിന്നും ലഭിച്ച ലിസ്റ്റനുസരിച്ച് കക്ഷി രാഷ്ട്രീയ ഭേദമന്യെ വളണ്ടിയർ പാസ് അനുവദിച്ചു. തോട്ടട പോളിടെക്ക്നിക്ക് ഹോസ്റ്റലിലും പയ്യാമ്പലം ടി.ടി.ഐ ഹോസ്റ്റലിലും ഡൊമിസൈൽ കെയർ സെന്ററുകൾ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്‌ക് ആരംഭിക്കുകയും ജനങ്ങൾക്ക് സഹായത്തിനായി 5 ഫോൺ നമ്പറുകൾ ഒരുക്കുകയും ചെയ്തു. മരുന്ന്, വാക്സിൻ, ആംബുലൻസ്, വാഹനസൗകര്യങ്ങൾ, അവശ്യസാധനങ്ങൾ, ആശുപത്രികളിലെ കിടക്ക,ഓക്സിജൻ, വെന്റിലേറ്റർ സൗകര്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ലഭിച്ച അഞ്ഞൂറോളം അന്വേഷണങ്ങൾക്ക് സേവനം നൽകുവാനും സാധിച്ചു. കണ്ണൂർ കോർപറേഷനിലാണ് മികച്ച നിലയിലുള്ള വാർ റൂം പ്രവർത്തിക്കുന്നത്.
തെരുവിൽ കഴിയുന്നവരെ കണ്ടുപിടിച്ച് കൊവിഡ് പരിശോധന നടത്തി പുനരധിവസിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണം, വൈദ്യസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുത്ത് വരുന്നുണ്ട്. ജനങ്ങൾക്ക് അവശ്യസേവനത്തിനായി 3 ആംബുലൻസുകൾ ഉൾപ്പെടെ 10 ഓളം വാഹനങ്ങൾ സജ്ജമാക്കുകയും ഹെൽപ് ഡെസ്‌കിലൂടെ ആവശ്യപ്പെട്ടവർക്കെല്ലാം സേവനം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതർ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീടുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ സൗജന്യ ആംബുലൻസ് സർവീസ് നൽകി പയ്യാമ്പലത്ത് എത്തിച്ച് തീർത്തും സൗജന്യമായി സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ വീടുകളും പൊതു ഇടങ്ങളും അണുനശീകരണം നടത്തുന്നതിന് ഇരുപതോളം സ്പ്രെയറുകളോടെ ആവശ്യമായ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാം അടച്ചു കെട്ടിയ കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് 93 ദിവസം പ്രവർത്തിച്ച സമൂഹ അടുക്കള വഴി ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകുവാൻ സാധിച്ചിരുന്നു. കൂടാതെ ജില്ലയിലെ ഏറ്റവും വലിയ സി.എഫ്.എൽ.ടി.സി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച് പ്രവർത്തിക്കുകയുണ്ടായി. കോർപ്പറേഷൻ ഭരണത്തെ ജനങ്ങൾ വിലയിരുത്തുമെന്ന് മേയർ ടി.ഒ.മോഹനൻ പറഞ്ഞു.