foot
ഫുട്ബാൾ പ്രതിഭകൾ ആയിറ്റിയിലെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണക്കിറ്റ് കൈമാറുന്നു

തൃക്കരിപ്പൂർ: മലയാളി ഫുട്ബാൾ പ്രേമികളുടെ മനസിൽ ഇടംപിടിച്ച മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ റാഫി, ഐ.എസ്.എല്ലിലെ മിന്നും താരം ആസിഫ് കോട്ടയിൽ, സന്തോഷ് ട്രോഫി താരം പ്രവീൺകുമാർ എന്നിവരുടെ ജന്മദിനാഘോഷം ആയിറ്റിയിലെ വൃദ്ധമന്ദിരത്തിലെ അമ്മമാർക്കൊപ്പം. ജന്മം നൽകി വളർത്തി വലുതാക്കിയ മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ആയിറ്റി വൃദ്ധ സദനത്തിൽ ശിഷ്ടകാലം കഴിച്ചുകൂട്ടുന്ന ഒരു കൂട്ടം വൃദ്ധർക്കൊപ്പമായിരുന്നു ഇവരുടെ ആഘോഷം.

സ്നേഹവും പരിചരണവും ലഭിക്കേണ്ട വാർദ്ധക്യത്തിൽ വൃദ്ധസദനത്തിലേക്ക് അയക്കപ്പെട്ട ഹതഭാഗ്യർക്കൊപ്പം ചേർന്ന താരങ്ങൾ അൽപ്പനേരത്തേക്കെങ്കിലും മക്കളായി. കുശലങ്ങളും തമാശകൾ പങ്കിട്ടും അവരെ സന്തോഷിപ്പിച്ചും ആശ്വസിപ്പിപ്പിച്ചും സമയം ചെലവഴിച്ച താരങ്ങൾ അവർക്കുവേണ്ട ഭക്ഷണക്കിറ്റും നൽകിയാണ് മടങ്ങിയത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വി.പി.പി ഷുഹൈബ്, സാമൂഹ്യ പ്രവർത്തകരായ വി.പി.എം ശംസുദ്ധീൻ, ആദിൽ കാരോളം, ശുഹൈർ റഹീം, എജി ഷക്കീബ്, സജ്ജാദ് ബിൻ സാദിഖ്‌, ബിലാൽ മൈദാനി, ഉബൈദ് ബീരിച്ചേരി എന്നിവരും സംബന്ധിച്ചു.