peedanam

ഇരിട്ടി ( കണ്ണൂർ ) : ഇരിട്ടി നഗരസഭാ പരിധിയിലെ ഒരു കോളനിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയായ ഡി. വൈ. എഫ്. ഐ നേതാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം.

പ്രതി പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവായതിനാൽ പൊലീസിനു മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും കേസ് ഒതുക്കാൻ ശ്രമം ഉണ്ടെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ് നേതാവിന്റെ പീഡനത്തിന് ഇരയായത്. പരാതിയിൽ കഴമ്പുണ്ടെന്നും എന്നാൽ പെൺകുട്ടി ഒന്നും തുറന്നു പറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി അന്വേഷണം തുടരുമെന്ന് ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രതിക്ക് കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്നു. വീടിന് പിന്നിലെ തോട്ടിൽ തുണി കഴുകി മടങ്ങിയ പെൺകുട്ടിയെ ഇയാൾ തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പീഡനത്തിന് ശേഷം മടങ്ങിയ ഇയാളെ കണ്ട പ്രദേശവാസി പെൺകുട്ടിയുടെ അച്ഛനെ അറിയിച്ചു. കുട്ടിയോട് തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഈ മാസം ഇരുപതിനാണ് അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പോക്‌സോ, എസ്.സി.-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ പരിശോധനയിൽ പീഡനം തെളിഞ്ഞിട്ടുണ്ട്. പ്രതി കൊല്ലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.