തലശ്ശേരി: മഴക്കാലത്ത് എക്കാലവും തലവേദനയായ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു.
റെയിൽപ്പാളങ്ങൾക്കടിയിലെ അഴുക്ക് ചാലിന്റെയും, അഞ്ച് പൈപ്പുകളിലെയും ചെളിനീക്കം ചെയ്യൽ തുടങ്ങി. ഹിറ്റാച്ചി ഉപയോഗിച്ച് തോട്ടിലെ അടിഞ്ഞ് കൂടിയ മണ്ണുകൾ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടന്ന് കൊണ്ടിരിക്കുന്നത്. റെയിൽവേയുടെ മേൽനോട്ടത്തിൽ നഗരസഭയാണ് ചെളിയും മണ്ണും നീക്കം ചെയ്യുന്നത്.
വലിയ മോട്ടോർ ഉപയോഗിച്ചാണ് അഞ്ച് പൈപ്പുകളിലേയും മണ്ണ് നീക്കുന്നത്. ഇന്നലെ കാലത്ത് നഗരസഭ ചെയർപേഴ്ണൻ കെ.എം. ജമുന റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ ഉദ്യോഗസ്ഥർ, റെയിൽവേ എൻജിനിയറിംഗ് വിഭാഗം എന്നിവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലുൾപ്പെടെ, തലശ്ശേരി നഗരത്തെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയതിന്റെ പ്രധാന കാരണമായത്, തലശ്ശേരി റെയിൽവേ സ്റ്റേഷനടുത്ത റെയിൽപ്പാളങ്ങൾക്കടിയിലൂടെ കടന്ന് പോകുന്ന, 30 മീറ്ററോളം നീളത്തിലുള്ള 5 പൈപ്പുകൾക്കുള്ളിലെ ചളിക്കൂമ്പാരമാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒന്നര മീറ്ററിലധികം ഉയരമുള്ള ഈ അഞ്ച് പൈപ്പുകൾക്കകത്ത് ധാരാളം ചെളി അടിഞ്ഞ് കൂടി, മുഴുവനായും അടഞ്ഞിരിക്കുകയായിരുന്നു. ഇതിനകത്തെ ചെളി പൂർണ്ണമായും പുറത്തെടുത്താൽ മാത്രമെ, മലിന ജലം ഇതിൽ കൂടി കടന്ന് പോവുകയുള്ളൂ. റെയിൽവേയുടെ അധീനതയിലുള്ള പ്രദേശമായതിനാൽ, പൈപ്പുകൾക്കകത്തെ ചെളി നീക്കം ചെയ്യാൻ ഇത്രയും കാലം റെയിൽവേ അധികൃതർ സമ്മതിച്ചിരുന്നില്ല.
ഇങ്ങനെ പോയാൽ പറ്റില്ല
മൺസൂൺ ആരംഭിക്കാനിരിക്കെ കനത്ത മഴയ്ക്ക് മുമ്പ് ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ, തലശ്ശേരി നഗരം വീണ്ടും വെള്ളത്തിൽ മുങ്ങുമെന്നതിന് സംശയമില്ല. യുദ്ധ കാലാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടപ്പാക്കാൻ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് പ്രസിഡന്റ് ജവാദ് അഹമ്മദ്, സെക്രട്ടറി പി.കെ. നിസാർ, തലശ്ശേരി വികസന വേദി വർക്കിംഗ് ചെയർമാൻ കെ.വി ഗോകുൽദാസ് എന്നിവർ രംഗത്തിറങ്ങുകയായിരുന്നു. റെയിൽവേ കണ്ണൂർ സീനിയർ സെക്ഷൻ എൻജിനീയർ (വർക്സ് )പി.പി.മുഹ്സിനെ ഇവർ കണ്ടു.
യുദ്ധകാലാടിസ്ഥാനത്തിൽ നടപടി
നഗരസഭാ കൗൺസിൽ ആവശ്യപ്പട്ടാൽ, അഞ്ച് പൈപ്പുകളിലെയും, ചെളി നീക്കം ചെയ്യാൻ അനുവദിക്കാമെന്നും, അതിന് വേണ്ട ചെലവ് നഗരസഭ വഹിക്കണമെന്നും, റെയിൽവേ അധികൃതരുടെ മേൽനോട്ടത്തിലായിരിക്കണം വർക്ക് നടത്തേണ്ടതെന്നും റെയിൽവേ മറുപടി നല്കിയതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി തുടങ്ങിയത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിത, മേഘനാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. പൂർണ്ണിമ, വിനോദ്, റെയിൽവേ ഉദ്യോഗസ്ഥനായ പി. സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.