പെരിയ (കാസർകോട് ): ഓരുജല മത്സ്യക്കൃഷിയുടെ പരിപോഷണത്തിന്, കേരള കേന്ദ്ര സർവ്വകലാശാല ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ചി (ഐ.സി.എ.ആർ)ന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ബ്രാക്കിഷ് വാട്ടർ അക്വാക്കൾച്ചറു (സിബ)മായി ധാരണാപത്രം ഒപ്പുവച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. രാജേന്ദ്ര പിലാങ്കട്ടയും സിബ ഡയറക്ടർ ഡോ.കെ.കെ. വിജയനുമാണ് ഒപ്പുവച്ചത്. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡീൻ പ്രൊഫ. കെ.പി. സുരേഷ്, സുവോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ. സുധ കപ്പള്ളി, സ്‌കൂൾ ഒഫ് ബയോളജിക്കൽ സയൻസസ് ഡീൻ പ്രൊഫ. ഗോവിന്ദ്രാവു ദുദ്ദുഗുരി, ഇൻസ്റ്റിറ്റിയൂട്ട് ടെക്‌നോളജി മാനേജ്‌മെന്റ് യൂണിറ്റ് (ഐ.ടി.എം.യു) ഓഫീസർ ഇൻ ചാർജ്ജ് ഡോ.പി.കെ.പാട്ടീൽ, ഡോ.പി.എം.അനീഷ് എന്നിവർ സംസാരിച്ചു.
ഓരുജല മത്സ്യക്കൃഷിക്ക് ഏറെ സാദ്ധ്യതകളുള്ള മേഖലയാണ് കാസർകോടും കണ്ണൂരും. കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതിന് കേന്ദ്ര സർവ്വകലാശാലയുടെയും സിബയുടെയും പ്രവർത്തനം വഴിവയ്ക്കും. കൂടുതൽ ഗവേഷണ സ്ഥാപനങ്ങളുമായി വരും നാളുകളിൽ സഹകരണത്തിന് ശ്രമിക്കുമെന്ന് പ്രൊഫ. എച്ച്. വെങ്കടേശ്വർലു പറഞ്ഞു.