vazha
പാലപ്പുഴ കൂടലാട്ടെ മഠത്തിൽ സുലോചനയുടെ വീട്ടുപറമ്പിലെ വാഴ ആനക്കൂട്ടം നശിപ്പിച്ച നിലയിൽ

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, കൂടലാട്‌ മേഖലകളിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളാണ് കഴിഞ്ഞ രാത്രി ബാവലിപുഴയും കടന്ന് പാലപ്പുഴ, കൂടലാട്‌ മേഖലയിൽ എത്തിയത്. കാട്ടാനകൾ മഠത്തിൽ സുലോചനയുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, കപ്പ തുടങ്ങിയ നശിപ്പിച്ചു. പാലപ്പുഴ പഴശ്ശിരാജ കളരി അക്കാ‌ഡമിയിലെ ഔഷധത്തോട്ടത്തിലെത്തിയ കാട്ടാനകൾ ഇവിടെയും കനത്ത നാശം വരുത്തി. കളരി പരിശീലകൻ ശ്രീജന്റെ തോട്ടത്തിലെ നിരവധി ഔഷധ സസ്യങ്ങളാണ് നശിപ്പിച്ചത്. പത്തോളം ആനകൾ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. പുലർച്ചയോടെ ഇവയെല്ലാം ഫാമിനകത്തെ പൊന്തക്കാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം പെരുമ്പുന്ന മേഖലകളിൽ ആനക്കൂട്ടം എത്തി നിരവധിപേരുടെ കാർഷിക വിളകൾക്ക് കനത്ത നാശം വരുത്തിയിരുന്നു. ഫാമിനകത്ത് ചക്കയും കശുമാങ്ങയും കുറഞ്ഞതോടെയാണ് ഇവ ജനവാസമേഖലയിലേക്ക് കടക്കുന്നത്. ബാവലിപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ ഫാമിൽ നിന്നും പുഴയുടെ ഏത് ഭാഗത്തു കൂടിയും ജനവാസമേഖലയിലേക്ക് ആനകൾക്ക് പ്രവേശിക്കാൻ കഴിയും. ഫാമിനുള്ളിലെ ആനകളെ ഉടൻ വനത്തിലേക്ക് തുരത്തണമെന്നാവശ്യം ശക്തമാവുകയാണ്. 25 ആനകളെങ്കിലും ഫാമിലെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് പറയുന്നത്.

പകൽനേരങ്ങളിൽ കൂടലാട്‌ മേഖലയിൽ നിന്നാൽ പുഴക്കക്കരെയുള്ള ആറളം ഫാമിന്റെ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടങ്ങളെ കാണാനാകും.

പ്രദേശവാസികൾ