കണ്ണൂർ: കടുത്ത രാഷ്ട്രീയ വിവാദത്തെ തുടർന്ന് സേവാഭാരതിയുടെ കൊവിഡ് റിലീഫ് ഏജൻസി പദവി റദ്ദാക്കി. ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ല ചെയർമാനായ ജില്ല കളക്ടറാണ് സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. ഇത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിയിച്ചിരുന്നു.
സി.പി.എമ്മിന്റെ കീഴിലുള്ള സേവന വിഭാഗമായ ഐ.ആർ.പി.സി (ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ), മുസ്ലീംലീഗിന് കീഴിലുള്ള സി.എച്ച് സെന്റർ തുടങ്ങിയവർക്കാണ് നിലവിൽ ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ റിലീഫ് ഏജൻസിയായി പ്രവർത്തിക്കുന്ന സംഘടനകൾ.
ഇതിൽ ഐ.ആർ.പി.സി, സി.എച്ച് സെൻറർ തുടങ്ങിയ സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവും പൊതുസ്വീകാര്യതയുമുള്ള സംഘടനകളാണ്. എന്നാൽ, ആർ.എസ്.എസിന്റെ ദേശീയതലത്തിലുള്ള സേവന വിഭാഗമാണ് സേവാഭാരതി. സംഘടന ജില്ലയിൽ അത്ര സജീവവുമല്ലെന്നാണ് ആരോപണം. എതിർപ്പ് രൂക്ഷമായതോടെ ഇത്തരവിറക്കിയ കളക്ടർ തീർത്തും സമ്മർദ്ദത്തിലായി. ഇതോടെ കഴിഞ്ഞദിവസം ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് പദവി റദ്ദാക്കാൻ തീരുമാനിച്ചത്.