പയ്യന്നൂർ: സഹായിക്കാൻ ആരുമില്ലാതെയും കിടപ്പാടമില്ലാതെയും വെയിലും മഴയുമേറ്റ് തെരുവോരത്ത് കഴിയുന്നവരെ നെഞ്ചോട് ചേർത്ത് സമാശ്വസിപ്പിച്ച് നഗരസഭാ അധികൃതർ. ആരോഗ്യ പരിശോധനയും ഭക്ഷണവും നൽകിയാണ് തെരുവോര താമസക്കാർക്ക് നഗരസഭ അധികൃതർ സാന്ത്വനമേകുന്നത്.
വഴിയോര താമസക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി പയ്യന്നൂർ സുബഹ്മണ്യ ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ബന്തടുക്കയിലെ വി. ബാലകൃഷ്ണനെ, നഗരസഭ സംരക്ഷണ പദ്ധതിയായ "ചാരെ" യിൽ ഉൾപ്പെടുത്തി പഴയങ്ങാടി ഗാഡിയൻസ് എയ്ഞ്ചൽസ് കെയർ ഹോമിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ താലൂക്കാശുപത്രി കൊവിഡ് കൺട്രോൾ മൊബൈൽ യൂനിറ്റിന്റെ സഹായത്തോടെ കൊവിഡ് പരിശോധനയും, ആരോഗ്യ പരിശോധനയും നടത്തിയാണ് കെയർ ഹോമിലേക്ക് മാറ്റിയത്.
തെരുവോരത്ത് കഴിഞ്ഞിരുന്ന ഗർഭിണിയായ സ്ത്രീക്കും കുട്ടിക്കും , നഗരസഭ കുട്ടികളുടെ പാർക്കിൽ ഇതിനകം തന്നെ താൽക്കാലികമായി താമസ സൗകര്യമൊരുക്കിയിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി. സജിത, ടി. വിശ്വനാഥൻ, വി. ബാലൻ, കൗൺസിലർ അത്തായി പത്മിനി, ജനമൈത്രി പൊലീസ്, താലൂക്ക് ആശുപത്രി , മുത്തത്തി പകൽ വീട് എന്നിവയുടെ ജീവനക്കാർ, കൊവിഡ് കൺട്രോൾ മൊബൈൽ യൂനിറ്റ് ആരോഗ്യ പ്രവർത്തകർ, ഡോ. അബ്ദുൾ ജബ്ബാർ, പി.ആർ.ഒ. ജാക്സൺ എഴിമല, ജെ.എച്ച്.ഐ. ശ്യാംലാൽ, കെ.ശിവകുമാർ, ഗാർഡിയൻ എയ്ഞ്ചൽസ് കെയർ ഹോം പ്രവർത്തകരായ സലിം ചൂട്ടാട്, ഷംനാദ്, മിഥിലാജ് തുടങ്ങിയവർ നേതൃത്വം നൽകി.