പട്ടുവം: അറബിക്കടലിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ പട്ടുത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഞാറ്റടിപ്പാടങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ നനഞ്ഞു കുതിർന്ന മണ്ണിൽ വിതച്ച വിത്തുകൾ ചെളിയിൽ അമർന്നുനശിച്ചു. ഇതോടെ കൃഷിയുടെ ആരംഭത്തിൽ തന്നെ പ്രതീക്ഷ നശിച്ച അവസ്ഥയിലാണ് നെൽകർഷകർ. വിത്തുകൾ നശിച്ചതിനെ തുടർന്ന് വീണ്ടും വിത്തിറക്കാനുള്ള തത്രപാടിലാണ് പലരും. ഒരു ഞാറു പോലും ഈ ചെളിയിൽ നിന്നും പുറത്തേക്ക് എത്തിനോക്കുകയില്ലെന്ന് ഇവർ ഉറപ്പിച്ചുകഴിഞ്ഞു.
ചില കർഷകർ എന്നാൽ അനുഭവത്തിൽ നിന്നുള്ള അറിവുമായി അടവുതന്ത്രം പയറ്റുകയാണ്. വെള്ളം നിറഞ്ഞ പാടത്ത് നിന്നും ചെളികോരി തട്ടുകളാക്കിവയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. 24 മണിക്കൂർ നേരം വെള്ളത്തിൽ മുക്കിവച്ച വിത്തുകോരി വെള്ളം വാർന്നുപോയതിന് ശേഷം കൂനയാക്കി അതിന്മേൽ ചാക്കുകൊണ്ടോ വാഴ ഇലകൊണ്ടോ പുതച്ചു കല്ലുകൾ കൊണ്ടുഭാരം വയ്ക്കും. രണ്ടോ മൂന്നോ ദിവസം കൊണ്ടു നെൽവിത്തുകളിൽ മുളവരാൻ തുടങ്ങും. ഇത് കണ്ടത്തിലെ തട്ടുതിരിച്ചുവച്ച ചെളിപ്പുറത്തു വിതറും. സാഹസമേറിയ ഈ രീതി പലരും വിജയിപ്പിച്ചെടുത്തിട്ടുണ്ടെന്നുള്ളതാണ് ഇവരുടെ ആത്മവിശ്വാസം.

മാടപ്രാവുകളെ ഭയന്ന്

കണ്ണിമവെട്ടാതെ

പാടത്തെ മറ്റൊരു ഭീഷണി മാടപ്രാവുകളാണ്. ആയിരങ്ങൾ അടങ്ങുന്ന പ്രാവിൻപറ്റങ്ങൾ ഓരോ വിതയിലേക്കും പറന്നിറങ്ങും. ഞൊടിയിട കൊണ്ടു മൊത്തം വിത്തുകളും പ്രാവുകൾ പെറുക്കി പോകും. പ്രാവുകൾ ഇറങ്ങുന്നതിന് പലയിടത്തും കർഷകർ കാവൽ നിൽക്കുകയാണ്. വെയിലിന്റെ ചൂടുകൂടുന്നത് വരെ വരമ്പത്ത് കാവൽ ഇല്ലെങ്കിൽ പ്രാവുകളുടെ ആക്രമണം ഉണ്ടാകും. ഒന്നോ രണ്ടോ ദിവസം കൊണ്ട് നീക്കാൻ പറ്റാത്ത കാവലാണിത്. ഇല്ലെങ്കിൽ മുളച്ച നെൽച്ചെടി പോലും കൊത്തിപ്പറിച്ചു അതിന്റെ നെന്മണി എടുത്തുപോകും.

പാടുപെട്ടും കാവലിരുന്നും വളർത്തിയെടുക്കുന്ന ഈ ഞാറ്റടി നിന്നും സാധാരണ ഞാറ്റടിയിൽ നിന്നും ലഭിക്കുന്ന മേനി ലഭിക്കുകയില്ല. ഇത് മാനസികമായി തളർത്തുന്നുണ്ട്.

കർഷകർ