കാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട ടെണ്ടർ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് എൽ.ഡി.എഫ് പനത്തടി, കള്ളാർ പഞ്ചായത്ത് സംയുക്ത യോഗം ആവശ്യപ്പെട്ടു. പൂടംങ്കല്ല് മുതൽ പാണത്തൂർ ചെറംക്കടവ് വരെ മെക്കാഡം ചെയ്യുന്നതിനുള്ള പ്രവൃത്തിക്കായി കേരള റോഡ് ഫണ്ട് കോർപ്പറേഷന്റെ സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടർ ചെയ്യുന്നതിന് തീയതി നിശ്ചയിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥരുടെ ഇടപ്പെടലിനെ തുടർന്ന് ടെണ്ടർ നടപടി റദ്ദ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എൽ.ഡി.എഫ് യോഗം വിളിച്ച് ചേർത്തു. 18 കിലോമീറ്റർ വരുന്ന റോഡ് വീതി കൂട്ടി വളവ് നികത്തി കയറ്റം കുറച്ച് മെക്കാഡം ടാർ ചെയ്യുന്നതിന് കിഫ്ബിയിൽ ഉൾപ്പടുത്തി 59.94 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനായി എല്ലാ സർവ്വേകളും പൂർത്തിയാക്കിയതിന് ശേഷമാണ് ടെണ്ടർ നടപടിയിലേക്ക് കടന്നത്.

ഇതിനിടയിലാണ് റോഡ് വികസനം അട്ടിമറിക്കുന്നതിനായി ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായതെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ അദ്ധ്യക്ഷനായി. ഇ. ചന്ദ്രശേഖരൻ നടപടി സംബന്ധിച്ച് വിശദീകരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, പി.ജി മോഹനൻ, സുനിൽ മാടക്കൽ, ബി. മോഹൻകുമാർ, എം.വി ഭാസ്‌ക്കരൻ, ഷാജിലാൽ, ജോഷി ജോർജ്ജ്, എം.സി മാധവൻ, കെ.വി രാഘവൻ, പി.കെ രാമചന്ദ്രൻ, പി. തമ്പാൻ, രത്നാകരൻ നമ്പ്യാർ, ഷാലുമാത്യു എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.

സർക്കാർ ഭാഗത്ത് നിന്നും ചെയ്യേണ്ട എല്ലാ കാര്യങ്ങളും നടത്തിയതിന് ശേഷം കരാർ നടപടിയിലേക്ക് കടന്ന പ്രവൃത്തി ഇപ്പോൾ റദ്ദ് ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം മന്ത്രിയുമായി ചർച്ച നടത്തി പദ്ധതിയുടെ ടെണ്ടർ നടപടി പുനരാരംഭിച്ച് വേഗത്തിൽ റോഡ് വികസനം പൂർത്തിയാക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടതില്ല.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ