palayi
ഉദ്ഘാടനത്തിനൊരുങ്ങിയ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്

നീലേശ്വരം: കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വച്ച് ഇറിഗേഷൻ വകുപ്പിന്റെ ഏറ്റവും വലിയ പദ്ധതിയായ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തതോടെ ഉദ്ഘാടനം കാത്തിരിക്കുകയാണ് നാട്ടുകാർ. റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.

2018 ഒക്ടോബറിലാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചത്. 65 കോടി രൂപ ചെലവിൽ നബാർഡിന്റെ സഹായത്തോടെയാണ് റെഗുലേറ്റർ കം ബ്രിഡ്ജ് പണിതത്. എറണാകുളം ആസ്ഥാനമായ പൗലോസ് ജോർജ് കമ്പനിയാണ് കരാറേറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷമായി പടർന്ന് പിടിച്ച കൊവിഡ് മഹാമാരി പ്രവൃത്തി അല്പം കാലതാമസം വരുത്തുന്നതിനിടയാക്കി. 300 മീറ്റർ നീളത്തിൽ 7.50 മീറ്റർ വീതിയുള്ള പാലമാണ് യാഥാർത്ഥ്യമാവുന്നത്.

നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാവുന്നതോടെ കിഴക്കൻ മലയോര മേഖലയായ കണ്ണൂർ ജില്ലയിലുള്ളവർക്കം എളുപ്പത്തിൽ ജില്ലാ ആസ്ഥാനത്തേക്കും മംഗലാപുരത്തേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും. വിദ്യാർത്ഥികൾക്കും രോഗികൾക്കും ഉൾപ്പെടെ ഇത് ആശ്വാസമാകും. കൂടാതെ നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി തുടങ്ങി 10 ഓളം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാർഷികാഭിവൃദ്ധിക്കും പദ്ധതി ഗുണം ചെയ്യും.

പെരുമ്പട്ട വരെ ഉപ്പ് വെള്ളം കയറുന്നത് തടയാനുമാകും. നിലവിലുള്ള ഷട്ടറിന്റെ ഭാഗത്ത് 27 മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി നിൽക്കുകയും ചെയ്യും.

കുടിവെള്ള പദ്ധതി

ഒരുങ്ങുന്നു

പദ്ധതിയിൽ നിന്ന് ഒരു ദിവസത്തിൽ 50 മില്യൻ ലിറ്റർ വെള്ളം ശേഖരിക്കാനാകും. ആദ്യ വർഷം പുഴയുടെ ഇരുകരകളിലുമുള്ള കിണറുകളിലും കുളങ്ങളിലും ജലവിതാനം ഉയരും. രണ്ടാം വർഷം ജലവിതാനം കൂടുതൽ ഉയരാനും സാദ്ധ്യതയുണ്ട്. പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്ന മുറക്ക് കേരള വാട്ടർ അതോറിറ്റി കുടിവെള്ളമെത്തിക്കാനും, ടൂറിസം വികസിപ്പിക്കാനും പ്രോജക്ട് തയ്യാറാക്കി വരുന്നുണ്ട്.

റോഡുകൾ കൂടി മാറേണ്ടതുണ്ട്

പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ വീതി കുറഞ്ഞ പാലായി റോഡ് മുതൽ പാലായി വരെയുള്ള റോഡ് ഗതാഗതത്തിന് കുരുക്കാകുമോയെന്ന ആശങ്കയുണ്ട്. ഇതുകൂടി നവീകരിച്ചാൽ മാത്രമേ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രയോജനം പൂർണമായും ലഭിക്കുകയുള്ളൂ.