കാഞ്ഞങ്ങാട്: ഇപ്പോൾ കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മീനിനേക്കാൾ കൂടുതൽ കിട്ടുന്നത് പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. ഇതാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന മറ്റൊരു പ്രശ്നം. പുഴയിലും കടലിലുമായി തള്ളിയ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ സകലതും അജാനൂർ തീരത്ത് കടൽത്തിരമാലകൾ തിരിച്ചു തള്ളുന്നു. കടപ്പുറത്ത് മുഴുവൻ മാലിന്യം വന്നു നിറഞ്ഞതോടെ ഇതെങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശ വാസികൾ.
പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ചെരുപ്പുകൾ, ചകിരി, ചിരട്ട, വൃക്ഷത്തടി എന്നിങ്ങനെ എളുപ്പത്തിൽ ദ്രവിക്കാത്ത ടൺ കണക്കിന് മാലിന്യമാണ് ബീച്ചിൽ അടിഞ്ഞത്. ഇതിൽ കുപ്പി മാലിന്യങ്ങൾ കൊണ്ടാണ് വലകൾ കൂടുതലും നശിക്കുന്നത്. ചില സമയങ്ങളിൽ അറവു മാലിന്യങ്ങളടക്കം വരുന്നുണ്ട്. സമീപവാസികൾ ദുർഗന്ധം സഹിക്കുന്നു.
കൊതുകിന്റെ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ഇതര മേഖലകളിൽ നിന്നെത്തുന്നവർ വല നശിക്കാതിരിക്കാൻ റിംഗ് വലകൾ ഉപയോഗിക്കുന്നതിനാൽ മത്സ്യക്കുഞ്ഞുങ്ങളും മീൻമുട്ടകളും ഉൾപ്പെടെ വ്യാപകമായി നശിക്കുന്നു.
കൊവിഡ് വന്നത് മുതൽ പട്ടിണിയാണ്. കടലിൽ തോണിയിറക്കാൻ കഴിയാത്തതിനാൽ ചെറിയ ചുറ്റളവിൽ വലയിടാറുണ്ട്, വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ നിറയെ മാലിന്യങ്ങളാകും.
മത്സൃത്തൊഴിലാളി സതീഷൻ