logo

കാസർകോട്: വീട്ടിലിരുന്ന് മടുത്ത മുഴുവൻ കുട്ടികളെയും പഠനാന്തരീക്ഷത്തിന്റെ ഭാഗമാക്കാൻ സ്കൂൾതലത്തിൽ സ്വന്തം അദ്ധ്യാപകർ പഠിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് തന്നെ വേണമെന്ന് വിദ്യാഭ്യാസ മേഖലയിൽ ജീവിതം സമർപ്പിച്ച അദ്ധ്യാപകരും വിദഗ്ധരും ഏകകണ്ഠമായി അഭിപ്രായപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ചില പ്രദേശങ്ങളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് തടസങ്ങൾ നേരിടാമെങ്കിലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഭൂരിപക്ഷം വിദ്യാലയങ്ങളും ഹൈടെക്ക് ആയി മാറുകയും പ്രത്യേകം സ്മാർട്ട്‌ ക്ലാസ് മുറികൾ ഉണ്ടാവുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ പഠനം എളുപ്പത്തിൽ സാദ്ധ്യമാകും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളും ഈ രംഗത്ത് പയറ്റി തെളിഞ്ഞവരും സ്കൂൾതല ഓൺലൈൻ ക്ലാസിന്റെ അനിവാര്യതയെ കുറിച്ച് പ്രതികരിക്കുന്നു.

സാഹചര്യം മാറി, ഓൺലൈൻ ക്ലാസുകളുടെ പോരായ്മകൾ തിരുത്തണം

കാസർകോട്: കഴിഞ്ഞ അദ്ധ്യയന വർഷം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. മുൻ വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങളിൽ നിന്നും കുട്ടികൾ നേടിയ പഠനനേട്ടങ്ങളുടെ തുടർച്ചയിൻമേലാണ് രണ്ടാം ക്ലാസ് മുതലുള്ള ഡിജിറ്റൽ പഠന വിഭവങ്ങളുടെ ഉള്ളടക്കം ഫസ്റ്റ് ബെൽ വഴി കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത്. ഓരോ ക്ലാസ്സിലും നിശ്ചയിച്ചിട്ടുള്ള പഠന നേട്ടങ്ങൾ കുട്ടികൾ ആർജിച്ചുവെന്നോ പാഠഭാഗങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞുവെന്നോ ഡിജിറ്റൽ പഠനം വഴി .ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രവർത്തന കാർഡുകൾ കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് പൂർണാർഥത്തിൽ പ്രായോഗികമാക്കാനും സാധിച്ചിട്ടില്ല . ഈ പശ്ചാത്തലങ്ങൾ കൂടി പരിഗണിച്ച് കൊണ്ടായിരിക്കണം ഈ വർഷത്തെ ഡിജിറ്റൽ പഠനത്തിന്റെ രീതിശാസ്ത്രവും ഉള്ളടക്കവും വിനിമയരീതിയും ആലോചിക്കേണ്ടത്. കഴിഞ്ഞ വർഷത്തെ ഡിജിറ്റൽ പഠന ഉള്ളടക്കത്തിൽ വിട്ടുപോയ പാഠഭാഗങ്ങൾ, ഊന്നൽ നൽകാതെ പോയ പഠന നേട്ടങ്ങൾ എന്നിവ പരിഗണിച്ച് ഓരോ ക്ലാസിലും കുട്ടി നേരിടാവുന്ന പഠന വിടവുകളെന്തൊക്കെയെന്ന് കൃത്യതപ്പെടുത്തണം. അദ്ധ്യാപകർക്കും ഓൺലൈൻ പരിശീലനം നൽകണം.

ഡോ. എം. ബാലൻ

(പ്രിൻസിപ്പാൾ, ഡയറ്റ് മായിപ്പാടി, കാസർകോട്)