കിടപ്പ് രോഗികൾ 4500
ആദ്യഘട്ടം പട്ടികവർഗമേഖലയിൽ
കണ്ണൂർ: കിടപ്പ് രോഗികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് മൊബൈൽ വാക്സിനേഷൻ ഇന്ന് തുടങ്ങും. ഇതിനായി രണ്ട് വാഹനങ്ങൾ ജില്ലാ പഞ്ചായത്ത് ഒരുക്കി. മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ രാവിലെ 10.30 ന് വാക്സിൻ ചലഞ്ചിലൂടെ അഭിമാനമായി മാറിയ ചാലോടൻ ജനാർദ്ദനൻ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ നൽകാനുള്ള വാക്സിൻ ലഭിച്ചതായും അവർ പറഞ്ഞു. 4500 കിടപ്പ് രോഗികൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. ആദ്യഘട്ടത്തിൽ പട്ടികവർഗ്ഗ മേഖലയിലാണ് മൊബൈൽ വാക്സിനേഷൻ നടത്തുക. തുടർന്ന് വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലുടനീളം മൊബൈൽ വാക്സിനേഷൻ സൗകര്യം ഉറപ്പാക്കും.
ഏഴുദിവസത്തിൽ 30 കൊവിഡ് വാർഡ്
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കിയത്. 60 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴു ദിവസം കൊണ്ട് 15 ലക്ഷം രൂപ ചെലവിൽ 30 ഓക്സിജൻ സപ്പോർട്ട് കിടക്കകളുള്ള കൊവിഡ് വാർഡ് ഒരുക്കി. ഓക്സിജൻ ജനറേറ്ററും ലിക്വിഡ് ഓക്സിജൻ പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ 37 ലക്ഷം രൂപ അനുവദിച്ചു. 1.5 കോടി രൂപ ചെലവിൽ 40 ബെഡ് സൗകര്യമുള്ള പുതിയ കൊവിഡ് വാർഡിന്റെ പണി പുരോഗമിക്കുന്നു.
ജില്ലാ ആയുർവേദ ആശുപത്രി വഴി 30 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. 10 ലക്ഷം രൂപ ആയുർവേദ ഡി.എം.ഒ മുഖേന കൊവിഡാനന്തര ചികിത്സയ്ക്ക് അനുവദിച്ചു. ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം കണ്ണൂർ നഗരത്തിലെ വിശന്നിരിക്കുന്ന 100 പേർക്ക് നിത്യവും ഭക്ഷണം നൽകിവരുന്നതായും സ്ത്രീകൾക്കായി ജൻഡർ ഹെൽപ്പ് ഡസ്‌ക് ഒരുക്കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.