മാഹി: നഗരസഭ/ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, മാഹിയിൽ വാർഡ് വിഭജനം കീറാമുട്ടിയായി മാറുകയാണ്. നഗരസഭയിൽ അശാസ്ത്രീയമായും, നടപടി ക്രമങ്ങൾ പാലിക്കാതെയും നടത്തിയ വാർഡ് പുനർനിർണ്ണയം പുനഃപരിശോധിച്ച് പോരായ്മകൾ തിരുത്തി സമയബന്ധിതമായി നഗരസഭ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന അഭിപ്രായം വ്യാപകമായി ഉയർന്ന് വന്നിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ മാഹി അസംബ്ളി നിയോജക മണ്ഡലത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം 31,755 ആണ്. 2011 സെൻസസ് പ്രകാരം മാഹി നഗരസഭയിലെ പുനർനിർണ്ണയിക്കപ്പെട്ട 10 വാർഡുകളിലെ മൊത്തം ജനസംഖ്യ 41,816 എണ്ണവും. 2021 വരെയാകുമ്പോൾ വന്നേക്കാവുന്ന വർദ്ധന കൂടി കണക്കിലെടുത്താൽ ശരാശരി 2000 ജനങ്ങൾക്ക് ഒരു ജനപ്രതിനിധി എന്ന് കണക്കാക്കിയാൽ, 20 ൽ കൂടുതൽ വാർഡുകൾ മാഹി നഗരസഭക്ക് ആവശ്യമാണ്.

നിലവിലെ മാനദണ്ഡപ്രകാരം ഇതിൽ കൂടുതൽ ആവശ്യമായതിനാൽ, അർത്ഥവത്തായ പഞ്ചായത്തി രാജ് നഗരപാലിക ഭരണഘടനാ ഭേദഗതിക്ക് ശേഷം നിലനിൽക്കുന്ന പ്രാദേശിക സ്വയംഭരണ സർക്കാരുകൾക്ക് ഫലപ്രദമായി വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ചുമതല നിർവ്വഹണത്തിന് വാർഡുകളുടെ എണ്ണം മാഹിയിൽ 20 ൽ കുറയാതെ തിട്ടപ്പെടുത്തേണ്ടതുണ്ട്. പുതുച്ചേരി സംസ്ഥാന ഇലക്ഷൻ കമ്മീഷൻ വാർഡ് പുനർനിർണ്ണയത്തിന് പ്രത്യേകമായി യാതൊരു സംവിധാനവും, നടപടിക്രമവും പാലിക്കാതെ ഏകപക്ഷീയമായി സർക്കാർ കാര്യം നിർവ്വഹിക്കുന്നതു പോലെ, തികച്ചും ലാഘവബുദ്ധിയോട് കൂടിയാണ് സംസ്ഥാനത്തെ പ്രാദേശിക ഭരണ സംവിധാനത്തെ തുടർന്നും സമീപിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും, രാജ്യത്ത് നിലവിലിരിക്കുന്ന നിയമ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ട് നഗരസഭ വാർഡ് പുനർനിർണ്ണയം ശാസ്ത്രീയമായി പുനപരിശോധനക്ക് വിധേയമാക്കി, വാർഡുകൾ പുനർനിർണ്ണയിക്കേണ്ടതുണ്ട്. കേരളത്തിലെ നഗരസഭ വാർഡുകളിൽ 1400 മുതൽ രണ്ടായിരം വരെ വോട്ടർമാരാണുള്ളത്.

നേരത്തെ 15 വാർഡുകളുണ്ടായിരുന്ന മയ്യഴിയിൽ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചിട്ടും, മൂന്നിലൊന്ന് വാർഡുകൾ കുറയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഓരോ വാർഡിലും മൂവായിരത്തിലേറെ വോട്ടർമാരുണ്ട്. ഇത് നഗരപാലികനിയമത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്ന ആക്ഷേപം ഉയരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അപാകതകൾ പരിഹരിച്ച്, ശാസ്ത്രീയമായ വാർഡ് വിഭജനം നടത്തണമെന്ന് സി.പി.എം-സി.പി.ഐ. കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്.