ചെറുവത്തൂർ: കൊവിഡ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ അടുപ്പിക്കുന്ന കാവുംചിറയിലെ ചെറുവത്തൂർ ഹാർബറിൽ ഇന്നു മുതൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നാലു കൗണ്ടറുകളിലായി നടക്കുന്ന മത്സ്യ വില്പനയിൽ ഒരേ സമയം നൂറ് പേർക്ക് പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. വില്പന നടത്തുന്ന കൗണ്ടറിൽ നിന്നും ടോക്കൺ കരസ്ഥമാക്കുന്നവർ ക്രമ നമ്പർ പ്രകാരമുള്ള കോളങ്ങളിൽ നിലയുറപ്പിക്കണം.
മത്സ്യം വാങ്ങിയവർ ചുറ്റിക്കറങ്ങാതെ ഹാർബർ വിട്ടു പോവുകയും വേണം. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള പറഞ്ഞു.
കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ഡിവൈ.എസ്.പി പ്രേമരാജൻ, സെക്ടർ മജിസ്ട്രേറ്റ് വത്സൻ പിലിക്കോട്, സൈനുദ്ദീൻ, ഹാർബർ നോഡൽ ഓഫീസർ ഭാസ്കരൻ, ചന്തേര എസ്.ഐ സഞ്ജയ് കുമാർ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, മാഷ് മിഷൻ അംഗങ്ങൾ, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി പ്രതിനിധികൾ എന്നിവർ പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.