തലശ്ശേരി: നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായ റെയിൽ പാളത്തിന് ഇരുവശങ്ങളിലായുള്ള തോടിലെ ചെളിനീക്കം ചെയ്ത ശേഷം, രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. തോടിന്റെ ഇരുവശങ്ങളെയും ബന്ധപ്പെടുത്താനായി പാളത്തിനടിയിൽ സ്ഥാപിച്ച മൂന്ന് അടി വ്യാസമുള്ള പൈപ്പിൽ അടിഞ്ഞുകൂടിയ ചെളി മഡ് പമ്പ് ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത് .
റെയിൽ പാളത്തിന് ഇരുവശങ്ങളിലെ തോട്ടിലെ ചെളി ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് തോടിന്റെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കാനായി റെയിൽ പാളത്തിനടിയിൽ സ്ഥാപിച്ച പൈപ്പിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുള്ളത്. അര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഈ പൈപ്പിൽ നിന്നും ഇതേ വരെ ചെളിനീക്കം ചെയ്തിരുന്നില്ല.
റെയിൽവേയുടെ അധീനതയിൽ പെട്ട സ്ഥലത്തായി ഇത് പൂർത്തിയാകുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് ചെയർപേഴ്സൺ ജുമുന റാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും പറഞ്ഞു. മേയ് 31 നകം ചെളി പൂർണ്ണമായും നീക്കം ചെയ്ത് മലിനജലത്തിന്റെ സുഗമമായ ഒഴുക്ക് സാദ്ധ്യമാക്കാനാകുമെന്നാണ് കരുതുന്നത്.