മാഹി: കൊവിഡ് വാക്സിൻ നൽകുന്നതിൽ രാജ്യത്തിന് തന്നെ മയ്യഴി മാതൃകയാവുന്നു. 41,816 ജനസംഖ്യയുള്ള മാഹിയിൽ ഇതിനകം 19,039 വാക്സിനേഷൻ നടന്നു കഴിഞ്ഞു.18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ത്വരിതഗതിയിൽ നടന്നുവരികയാണ്. പുതുച്ചേരി സംസ്ഥാനത്തെ പ്രതിരോധ നടപടികൾക്കൊപ്പം, മയ്യഴിയിലെ പ്രത്യേക സാഹചര്യമടക്കം പരിഗണിച്ച് സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സഹകരണത്തോടെ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ നടത്തുന്ന സന്ദർഭോചിതമായ ഇടപെടലുകൾ കൊവിഡ് പ്രതിരോധത്തിന് ഊർജമേകുന്നുണ്ട്. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലും, ശുചിത്വത്തിലും ദേശീയ പുരസ്‌കാരം നേടിയ മയ്യഴി, കൊവിഡ് പ്രതിരോധത്തിലും ഒറ്റ മനസ്സും ശരീരവുമായി മുന്നേറുകയാണ്. വരാനിരിക്കുന്ന സാഹചര്യങ്ങളെ മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ മയ്യഴിക്കാർക്ക് ആത്മധൈര്യവും പകർന്നിട്ടുണ്ട്.