കാസർകോട്: കേന്ദ്രീയ വിദ്യാലയങ്ങളും മറ്റു സി.ബി.എസ്.ഇ സ്‌കൂളുകളും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ളാസുകൾ ഭംഗിയായി നടത്തുന്നുണ്ട്. സ്‌കൂൾ തലത്തിൽ അവർക്ക് ഇത് നടത്താമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള നമ്മുടെ 'ഹൈടെക്ക്' പൊതുവിദ്യാലയത്തിൽ എന്തുകൊണ്ട് ഓൺലൈൻ ക്ളാസുകൾ നടത്താൻ കഴിയുന്നില്ല എന്നാണ് വിദഗ്ധർ ചോദിക്കുന്നത്.
പാഠ്യ പദ്ധതിയിൽ മാറ്റം വരുത്തണം
സ്‌കൂൾ പാഠ്യപദ്ധതി ഓൺലൈൻ ക്ലാസിലും അതുപോലെ തുടരുന്നത് ഗുണകരമാകില്ല. ഓൺലൈൻ ക്ലാസിന് യോജിക്കുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തണം. അതിന്റെ ഉള്ളടക്കത്തിൽ കുറവുവരുത്തണം. ഫോക്കസ് ഏരിയകൾ നിശ്ചയിക്കണം. പഠനനേട്ടങ്ങൾ കൃത്യതപ്പെടുത്തണം. സംസ്ഥാന കേന്ദ്രീകൃത ഓൺലൈൻ ക്ലാസിനു പകരം ജില്ലയിലെ ഡയറ്റുകൾക്കും ഉപജില്ലയിലെ ബി.ആർ.സികൾക്കും അക്കാഡമിക് ഇടപെടലിന് അവസരം നൽകി വിദ്യാലയങ്ങൾക്ക് തന്നെ ഓൺലൈൻ പഠന മെറ്റീരിയലുകൾ തയ്യാറാക്കാൻ അവസരം നൽകുകയാണ് വേണ്ടത്. ഓൺലൈൻ പഠനത്തിൽ വിലയിരുത്തൽ എങ്ങനെയായിരിക്കണം എന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തി ഫീഡ്ബാക്ക് നൽകാൻ അദ്ധ്യാപകർക്ക് സാധിക്കും. ഇതും ഇക്കുറി വിദ്യാലയം കേന്ദ്രീകരിച്ച് പ്രധാനമായി പരിഗണിക്കണം. മുഴുവൻ കുട്ടികൾക്കും ടി.വിയാണ് പ്രാപ്യമാവുക എന്നതിനാൽ വിക്ടേഴ്സ് ക്ലാസും തുടരേണ്ടി വരും.
എം. മഹേഷ് കുമാർ
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്
ജി.എൽ.പി സ്‌കൂൾ ചെറിയാക്കര
നല്ല ആശയം, അദ്ധ്യാപകന് കൂടുതൽ അവസരവും സ്വാതന്ത്ര്യവും
സ്‌കൂളുകൾ കേന്ദ്രീകരിച്ച് തന്നെ കുട്ടികൾക്ക് ഓൺലൈൻ ക്ളാസ് നൽകുക എന്നത് നല്ല ആശയമാണ്. ഓരോ കുട്ടിയേയും അറിഞ്ഞ് പഠിപ്പിക്കുന്നതിന് ക്ളാസ് അദ്ധ്യാപകന് കൂടുതൽ അവസരവും സ്വാതന്ത്ര്യവും ലഭിക്കും. സ്‌കൂൾ ലാബ് ഉൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പരസ്പര സഹകരണത്തോടെ സാങ്കേതിക മികവുകളുടെ പങ്കിടലുകൾക്കും മെച്ചപ്പെടലുകൾക്കും അവസരം ലഭിക്കും. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ളവരാണ് അദ്ധ്യാപകർ. ഈ കൊവിഡ് കാലത്തും പലവിധ ഡ്യൂട്ടികൾ ചെയ്യുകയാണ് ഞങ്ങൾ. എന്നാൽ ചില ന്യൂനതകളും ഉണ്ട്. പ്രധാനം കൊവിഡ് മൂലമുള്ള ഭീഷണി തന്നെ. നിലവിലുള്ള അദ്ധ്യാപകർക്ക് ഓൺലൈൻ ക്ളാസ് നൽകാൻ സ്‌കൂളുകളിൽ തന്നെ ഹാജരാകണമെന്ന് പറഞ്ഞാൽ കൊവിഡ് വ്യാപനം മൂലം കഴിയുമോ എന്നറിയില്ല. അതിനും ബദൽ നിർദേശം ചർച്ച ചെയ്യണം. കൂടാതെ പകൽ സമയം നമ്മുടെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിന്റെ പക്കലും മൊബൈൽ ഫോണില്ല എന്നതും തടസമാണ്.
സായി ശ്വേത
'തങ്കുപൂച്ച ഫെയിം'
മുതുവടത്തൂർ വി.വി.എൽ.പി സ്‌കൂൾ, കോഴിക്കോട്
കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും
സ്‌കൂളികളിലെ ക്ലാസിലുണ്ടാകുമായിരുന്ന ജൈവബന്ധം നിലനിർത്താൻ ഇപ്പോഴത്തെ ഓൺലൈൻ പഠനത്തിൽ സാദ്ധ്യമല്ല. കേന്ദ്രീകൃത ക്ലാസുകൾക്കപ്പുറം സ്വന്തം അദ്ധ്യാപകരെ കാണുകയും കേൾക്കുകയും ചെയ്യുന്നത് കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിട്ടാണ് അനുഭവം. അതിനാൽ ക്ലാസ് അധ്യാപകർ കുട്ടികളോട് സംവദിക്കുന്ന ചെറിയ വീഡിയോകൾ, ഗൂഗിൾ മീറ്റ് പോലുള്ള സാദ്ധ്യതകൾ ഗുണം ചെയ്യും. പല വിദ്യാലയങ്ങളും പോയ വർഷം തന്നെ ഈ മാതൃക പിന്തുടർന്നിട്ടുമുണ്ട്. ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള ടെലിവിഷൻ സംവിധാനമാണ് പോയവർഷം കൂടുതലായി ഒരുക്കിയത്. സ്മാർട്ട് ഫോൺ ലഭ്യത, ഇന്റർനെറ്റ് ലഭ്യത എന്നിവ കൂടി ഉറപ്പ് വരുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന അന്വേഷണവും വേണം.
വിനയൻ പിലിക്കോട്
(ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്‌കൂൾ)