നീലേശ്വരം: പരമ്പരാഗത മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യദേശങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിനായി യാനങ്ങളും തൊഴിലാളികളും വരുന്നതു മൂലം കാഞ്ഞങ്ങാട് ചിത്താരി മുതൽ നീലേശ്വരം പടന്ന വരെയുള്ള പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ മത്സ്യ ബന്ധനം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനെതിരെ തീരദേശ പരമ്പരാഗത മത്സ്യ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
അന്യസംസ്ഥാന, ദേശ തൊഴിലാളികൾ മേയ് 30നകം ജില്ല വിട്ടു പോകണമെന്ന നിയമം നിലവിലിരിക്കെ ഒരു വർഷത്തിലേറെയായി ഈ നിയമം കാറ്റിൽ പറത്തിക്കൊണ്ട് കമ്മീഷൻ ഏജന്റു മാരുടെ ഒത്താശയോടു കൂടെ അവരുടെ താൽപ്പര്യ സംക്ഷണാർത്ഥം തൊഴിലാളികളെ പറഞ്ഞയക്കാതെ ഇരിക്കുകയാണ്.
അവരുടെ അനധികൃതമായ കൈയ്യേറ്റം മൂലം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ലഭിക്കേണ്ട തൊഴിൽ സാമഗ്രികൾ, മണ്ണെണ്ണ, ഐസ് എന്നിവയുടെ നഷ്ടം കൂടാതെ മത്സ്യ ബന്ധനത്തിനുള്ള മറ്റ് സാധനങ്ങൾക്ക് അമിതമായി വില വർദ്ധനവും സംഭവിച്ചിരിക്കുന്നു. കൂടാതെ മത്സ്യങ്ങൾക്ക് ന്യായമായ വിലയും ലഭിക്കുന്നില്ല. 30ന് രാവിലെ 10 മണിക്ക് തൈക്കടപ്പുറം അഴിമുഖത്ത് യാനങ്ങളെ അണിനിരത്തി പ്രതിഷേധ സൂചനാ സമരം നടത്തും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.എ ഗണേശൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എം.ടി.പി. ഹാരിസ്, പി. സാമിക്കുട്ടി, ബി. സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.