colouny

കാസർകോട്: ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവുകൊണ്ടും ആളുകളുടെ നിസഹകരണം മൂലവും ആദിവാസി കോളനികളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം അടിതെറ്റുന്നതായുള്ള കേരള കൗമുദി വാർത്തയെ തുടർന്ന് ഡി.എം.ഒ വിശദമായ റിപ്പോർട്ട് തേടി. ദേലമ്പാടി പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികൾ ഉൾപ്പെടുന്ന അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറോടാണ് കാസർകോട് ഡി.എം.ഒ കെ.ആർ. രാജൻറിപ്പോർട്ട് തേടിയത്.

കോളനികളിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ, കോളനിവാസികളുടെ സഹകരണ കുറവ്, പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾ തുടങ്ങി മുഴുവൻ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 422 രോഗികളെ പരിശോധിക്കുകയും 104 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത ദേലമ്പാടിയിലെ മൂന്ന് കോളനികളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ നടപടിയും തുടങ്ങിയിട്ടുണ്ട്.

കോളനികളിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി .സജിത് ബാബു ഇന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജില്ലാതല കമ്മിറ്റിയുടെ തീരുമാന പ്രകാരം വാക്‌സിനേഷൻ നടപടികളുമായി മുന്നോട്ടുപോകും. കോളനികളിലെ മുഴുവൻ കുടുംബങ്ങളുടെയും വിശദവിവരങ്ങളും വാക്‌സിൻ നൽകേണ്ടവരുടെ കണക്കും ശേഖരിച്ചു സമർപ്പിക്കാൻ ട്രൈബൽ പ്രമോട്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ക്ലസ്റ്ററുകളിലായി കൂടുതൽ രോഗികൾ ഉണ്ടായിരുന്ന ആദിവാസി കോളനികളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നാണ് വിവരം. നേരത്തെ രോഗം ബാധിച്ചിരുന്നവരിൽ ഭൂരിപക്ഷം ആളുകൾക്കും കൊവിഡ് നെഗറ്റീവ് ആയിട്ടുമുണ്ട്.

നിയമനത്തിനും നീക്കം

ജില്ലയിലെ ആരോഗ്യവകുപ്പിൽ കുറവുള്ള ജീവനക്കാരുടെ നിയമനം നടത്തുന്നതിനും ആലോചന തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ മറ്റു ജില്ലകളിൽ നിന്ന് ഉദ്യോഗാർത്ഥികളെ കണ്ടെത്തി നിയമനം നടത്തുന്നതിനു ശ്രമിക്കും. കേരള കോഴ്സ് കഴിഞ്ഞവരുടെ അഭാവമാണ് 49 ഒഴിവുകൾ ഉണ്ടാകാൻ കാരണമായത്.


പട്ടികജാതി, പട്ടികവർഗ കോളനികളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പും പട്ടികജാതി ക്ഷേമ, പട്ടികവർഗ വികസന വകുപ്പും നടപടി സ്വീകരിക്കും. കൊവിഡ് വാക്സിനേഷൻ നടത്തുന്നതിന് രജിസ്‌ട്രേഷൻ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്

ഡോ. ഡി. സജിത് ബാബു

(കാസർകോട് ജില്ലാ കളക്ടർ )

കോളനികൾ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് ഡൊമിസിലറി കെയർ സെന്ററുകളിൽ സൗകര്യം ഒരുക്കും.

പി ബി രാജീവ്

(കാസർകോട് ജില്ലാ പൊലീസ് മേധാവി )