കണ്ണൂർ: മഴക്കാല പൂർവ ശുചീകരണം ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളിൽ ജൂൺ അഞ്ച്, ആറ് തീയതികളിൽ വിപുലമായ ശുചീകരണ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികൾ ഏറെക്കുറെ രോഗികളെ കൊണ്ട് നിറഞ്ഞ സ്ഥിതിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാലജന്യ രോഗങ്ങൾ വരാതെ നോക്കേണ്ടതുണ്ട്.
ശുചീകരിച്ച ശേഷം ഹരിതകർമ സേനയുടെ സഹായത്തോടെ ശരിയായ രീതിയിൽ മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനതലത്തിൽ ഒരുക്കണം. അതേസമയം, പൊതു ഇടങ്ങളിലും തോടുകളും പുഴകളും ഉൾപ്പെടെയുള്ള ജല സ്രോതസ്സുകളിലും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും പൊലീസും മുന്നോട്ടുവരണമെന്നും പി.പി ദിവ്യ ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി സിസി ടിവി കാമറ സ്ഥാപിച്ചും പ്രദേശവാസികളുടെ സഹായത്തോടെയും നിരീക്ഷണം ശക്തമാക്കണം.
കാലവർഷക്കെടുതികൾക്ക് ഇരയാവുന്നവരെ മാറ്റിത്താമസിപ്പിക്കുമ്പോൾ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അല്ലാത്തവർക്കും പ്രത്യേക പുനരധിവാസ സംവിധാനങ്ങൾ തദ്ദേശ സ്ഥാപന തലത്തിൽ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.