കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെയായി12 ലക്ഷം രൂപ നൽകി കാസർകോട് പൊലീസ് സഹകരണ സംഘം മാതൃകയായി. കഴിഞ്ഞ തവണ കൊവിഡും പ്രളയവും സൃഷ്ടിച്ച ദുരിതത്തിൽ നിന്ന് കരകയറാൻ രണ്ടുതവണയായി 5 ലക്ഷം രൂപ വീതമാണ് സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത്തവണ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ രണ്ട് ലക്ഷം രൂപയും ദുരിതാശ്വാസ നധിയിലേക്ക് നൽകി.
ഇതോടൊപ്പം കേരള ദിനേശ് നിർമ്മിച്ച ഒരു ലക്ഷം രൂപ വിലമതിക്കുന്ന ത്രീ ലെയർ മാസ്കുകൾ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘം വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് സുരേഷ് മുരിക്കോളി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന് കൈമാറി. ചടങ്ങിൽ സഹകരണ സംഘം വൈസ് പ്രസിഡന്റ് എ.പി സുരേഷ്, സെക്രട്ടറി ഗിരീഷ് ബാബു, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.പി മഹേഷ് എന്നിവരും സംബന്ധിച്ചു.