കണ്ണൂർ: കണ്ണൂരിന് വില്ലേജ് നോളജ് സെന്റർ, ഐ.ടി പാർക്ക്, അഴീക്കലിൽ ഗ്രീൻ ഫിൽഡ് തുറമുഖം എന്നിവ
സ്ഥാപിക്കുമെന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നു.
കണ്ണൂരിലും കളമശേരിയിലും പുതിയ ഐ.ടി പാർക്ക് സ്ഥാപിക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നത്. കേരള സംസ്ഥാന ഐ.ടി. മിഷൻ ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡാണ് വില്ലേജ് നോളജ് സെന്റർ കമ്മിഷൻ ചെയ്യുന്നത്.
വി.എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായപ്പോൾ പയ്യന്നൂർ എരമത്ത് സൈബർപാർക്കിന് തറക്കല്ലിട്ടെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ സൈബർപാർക്ക് കണ്ണൂർ വിമാനത്താവളം പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ദിശയും കേരള ചേംബറും അടക്കമുള്ള സംഘടനകൾ ഉയർത്തിയിരുന്നു.
കണ്ണൂരിന് പുതിയ വില്ലേജ് നോളജ് സെന്റർ സ്ഥാപിക്കുമെന്ന നയപ്രഖ്യാപനത്തിലെ വാഗ്ദാനം ഇരുകൈയും നീട്ടി കണ്ണൂരിലെ ജനങ്ങൾ സ്വീകരിക്കുകയാണ്. അഴീക്കലിൽ ഗ്രീൻ ഫീൽഡ് തുറമുഖത്തിന്റെ ശിലാസ്ഥാപനം ഈ വർഷം പകുതിയോടെ തുടങ്ങാനാകുമെന്ന പ്രതീക്ഷയും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ട്. ഏറേകാലമായി കണ്ണൂർ കാത്തിരുന്നതാണ് അഴീക്കൽ തുറമുഖത്തിന്റെ വികസനം.
ഇതോടെ വിമാനത്താവളവും തുറമുഖവും ഉള്ള ജില്ലകളിൽ ഒന്നായി കണ്ണൂർ മാറുകയാണ്. ഇത് ജില്ലയുടെ വ്യവസായ വാണിജ്യ മേഖലയ്ക്ക് പുത്തൻ ഉണർവ് പകരും. ആദിവാസി കുട്ടികൾക്ക് അക്കാഡമിക് മികവ് വർദ്ധിപ്പിക്കുന്നതിന് പുതിയ അഞ്ഞൂറ് കമ്മ്യൂണിറ്റി സ്റ്റഡിസെന്റർ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആറളം മേഖലയിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കണ്ണൂരിന് അർഹമായ പരിഗണന നൽകിയതിനെ സ്വാഗതം ചെയ്യുന്നു. കണ്ണൂരിന്റെ മുഖം മാറുന്ന പ്രഖ്യാപനങ്ങൾ ഉടൻ യാഥാർത്ഥ്യത്തിലെത്തിക്കാനാവശ്യമായ നടപടികളാണ് ഇനി വേണ്ടത്.
ദിശയും കേരള ചേംബറും