തലശ്ശേരി: മലബാർ കാൻസർ സെന്ററിന്റേയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിന്റേയും ആഭിമുഖ്യത്തിൽ 31 മുതൽ ജൂൺ 26 വരെ വിവിധ പരിപാടികളും മത്സരങ്ങളും ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കുന്നു. 31ന്‌ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ജയിൽ ഡി.ജി.പിയും മുൻ എക്‌സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് മലബാർ കാൻസർ സെന്റർ സെമിനാർ ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് വെബിനാർ വഴി ഡോ. സതീശൻ ബാലസുബ്രഹ്മണ്യം നൽകുന്ന പുകയില വിരുദ്ധ സന്ദേശവും, ഡോ. ഫിൻസ് എം ഫിലിപ്പ്, ജിഷ അബ്രഹാം എന്നിവർ നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടാകും.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരം നടത്തും. മത്സരാർത്ഥികൾ കുടുംബത്തോടൊപ്പം 'നമുക്ക് പുകയിലയോട് വിട പറയാം' എന്നുള്ള ആശയം വരുന്ന മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ പിടിച്ചുകൊണ്ട് കുടുംബത്തോടൊപ്പമുള്ള മൊബൈൽ ഫോൺ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്, സ്‌ക്രീൻഷോട്ട് എടുത്ത് 31ന് വൈകന്നേരം 6.00 മണിക്ക് മുമ്പായി 9447136495 എന്ന നമ്പറിൽ വാട്ട്സാപ്പ് വഴി അയക്കണം.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മലബാർ കാൻസർ സെന്റർ ക്യാമ്പസിൽ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, റിട്ട. ജോയ്ന്റ് എക്‌സൈസ് കമ്മീഷണർ പി.കെ.സുരേഷ് എന്നിവരുടെ നേതൃത്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. 6ന് പുകയിലക്കും ലഹരിക്കുമെതിരെ കുടുംബശ്രീ അംഗങ്ങളേയും വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. മുൻകൂട്ടി തയ്യാർ ചെയ്തു നൽകുന്ന നൂറു ചോദ്യങ്ങൾക്ക് ഓൺലൈൻ ആയാണ് ഉത്തരം നൽകേണ്ടത്. 8ന് ലഹരിയുമായി ബന്ധപ്പെട്ട് കുറിപ്പുകൾ തയ്യറാക്കി അയച്ചു കിട്ടിയവരിൽ നിന്ന് വിജയിയെ അനുഭവക്കുറിപ മത്സരത്തിലൂടെ കണ്ടെത്തും.
12ന് ഗുരു സ്മൃതിയിൽ വിദ്യാർത്ഥികളും, പൊതുജനങ്ങളും വിദ്യാഭ്യാസ കാലത്ത് തങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അദ്ധ്യാപകനെ കുറിച്ച് എഴുതുകയും അദ്ധ്യാപകന്റെ സ്മരണയെ മുൻ നിർത്തി, ലഹരിക്കെതിരെ പ്രവർത്തിക്കുമെന്നും താൻ ലഹരിക്ക് അടിമയാവില്ലെന്നും, പ്രതിജ്ഞ എടുക്കുന്ന മത്സരം നടത്തും.

15ന് ലഹരിക്കെതിരെ ബോധവൽക്കരണ ഏകപാത്ര നാടകങ്ങളുടെ ഓൺലൈൻ മത്സരം. 20ന് വിമുക്തി പ്രതിജ്ഞാ മത്സരത്തിൽ പ്രതിജ്ഞ തയാറാക്കലും പ്രതിജ്ഞ എടുക്കലുമുണ്ടാകും. പ്രതിജ്ഞ എടുക്കുന്ന വീഡിയോ വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ച് സമ്മാനം നൽകുന്നത്. 26ന് ലോക ലഹരി വിരുദ്ധദിനത്തിൽ വെബിനാർ വഴി നടക്കുന്ന സമാപന സമ്മേളനം.