കാസർകോട്: ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനും ജില്ലയിലെ എം.എൽ.എമാർക്കും കാസർകോട് ജില്ലാ പഞ്ചായത്തിൽ സ്വീകരണം നൽകി. അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മന്ത്രിയെ സ്വീകരിച്ചു. ജില്ലയിലെ എം.എൽ.എമാരുടെയും ജില്ലാ പഞ്ചായത്തിന്റെയും കൂട്ടായ്മയിൽ വികസനത്തിന് നിരവധിയായ പദ്ധതികൾ നടപ്പിലാക്കുമെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജിലെ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തുമെന്ന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ ഉറപ്പ് നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി നീലേശ്വരം പരിഗണിക്കുന്നുണ്ട്.
തുറമുഖ വകുപ്പിന് കീഴിൽ ജില്ലയിൽ മണൽ ശുദ്ധീകരണശാല സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം. രാജഗോപാലൻ, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവർക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്‌ക്കാരം നേടിയ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ ആദരിച്ചു. കൊവിഡ് നിബന്ധനങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും സെക്രട്ടറി പി. നന്ദകുമാർ നന്ദിയും പറഞ്ഞു.